തിരുവനന്തപുരം: വലിയതുറയിലും വിമാനത്താവള പരിസരത്തും തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ പരാതിയുമായി പീപ്പിള്‍ ഫോര്‍ അനിമല്‍സ് രംഗത്ത്. എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരുടെ നേതൃത്വത്തില്‍ സ്വകാര്യ വ്യക്തികളെ ഉപയോഗിച്ച് നായ്ക്കളെ പിടികൂടി കൊന്നു കുഴിച്ചുമൂടിയെന്നാണ് ഇവരുടെ ആരോപണം.
നിരവധി നായ്ക്കളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വലിയതുറ പൊന്നറ പാലത്തിനു സമീപത്തെ കാടുമൂടിയ സ്ഥലത്ത് കുഴിച്ചു മൂടിയത്. സംഭവത്തില്‍ ഷൈജു, ബിജു, ഉണ്ണി, പ്രശാന്ത് എന്നിവര്‍ക്കെതിരെ പീപ്പിള്‍ ഫോര്‍ അനിമല്‍സ് സംഘടനയുടെ സെക്രട്ടറി ലത പോലീസില്‍ പരാതി നല്കി.
പരാതിയുടെ തുടര്‍ന്ന് ഞായറാഴ്ച രാത്രി ഏഴോടെ വലിയതുറ പോലീസിന്റെ നേതൃത്വത്തില്‍ നായ്ക്കളെ കുഴിയില്‍ നിന്ന് പുറത്തെടുക്കുന്ന നടപടികള്‍ ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമേ ഏതുതരം മരുന്ന് ഉപയോഗിച്ചാണ് നായ്ക്കളെ കൊന്നതെന്ന് അറിയാന്‍ കഴിയുകയുള്ളൂയെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം, ‘മെഗ് സള്‍ഫ്’ എന്ന രാസവസ്തു ഉപയോഗിച്ചാണ് നായ്ക്കളെ കൊല്ലുന്നതെന്നും ഏറെ നേരം പിടഞ്ഞാണ് നായ്ക്കളുടെ ജീവന് നഷ്ടപ്പെടുന്നതെന്നും പീപ്പിള്‍ ഫോര്‍ അനിമല്‍സ് വ്യക്തമാക്കി.
Discussion about this post