കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന സംശയത്തില്‍ കുട്ടിയുടെ അച്ഛന്. മോളെ ഇല്ലാതാക്കിയ പ്രതിക്ക് മരണ ശിക്ഷ കിട്ടണം എന്നാണ് ആഗ്രഹമെന്നും, തനിക്കും കുടുംബത്തിനും അത് കാണണമെന്നും പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞു.
കൂടാതെ, കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെങ്കില്‍ അവരെ ഉടന്‍ പുറത്തു കൊണ്ടുവരണം. പ്രതിക്ക് മരണശിക്ഷ കിട്ടിയാലേ കേരളത്തിനും സന്തോഷമുണ്ടാകൂ. തന്റെ മകള്‍ ഇപ്പോള്‍ കേരളത്തിന്റെ മകള്‍ കൂടിയാണെന്നും കുട്ടിയുടെ അച്ഛന് പറഞ്ഞു.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെയോ പോലീസിനെതിരെയോ പരാതിയില്ല. സംസ്ഥാന സര്‍ക്കാരിലും പോലീസിലും പൂര്‍ണ വിശ്വാസമുണ്ട്. തനിക്ക് ആരോടും പരാതിയില്ല. ഈ പ്രതിക്ക് ശിക്ഷ അടക്കം ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് തിരികെ പോകൂവെന്നും അച്ഛന് പറഞ്ഞു.
അതേസമയം, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിന്റെ പരിസരത്ത് എക്സൈസ് സംഘം പരിശോധന നടത്തുന്നുണ്ട്. എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഈ ക്യാമ്പുകളില്‍ മയക്കുമരുന്ന് അടക്കം ലഹരി ഉപയോഗം കണ്ടെത്താനാണ് പരിശോധന.
Discussion about this post