മാന്നാര്‍: സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവരുടെ വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്. ഇപ്പോഴിതാ, ചെന്നിത്തലയിലെ വീട്ടമ്മയ്ക്ക് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായത് 64,000 രൂപയാണ്. ചെന്നിത്തല-തൃപ്പെരുന്തുറ തെക്കുംമുറി പാറയില്‍ പുത്തന്‍ വീട്ടില്‍ രമ്യ (40)യ്ക്കാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വലിയൊരു തുക നഷ്ടമായത്.
സംഭവം ഇങ്ങനെ….
ഫേസ്ബുക്കില്‍ ബാങ്കിന്റെ പേരില്‍ കണ്ട ‘ഉടനടി ലോണ്‍’ എന്ന പരസ്യത്തെ പിന്തുടര്ന്നതോടെയാണ് രമ്യയെ തട്ടിപ്പുകാര്‍ കുടുക്കിയത്. വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ യുവതിക്ക് രണ്ടു ലക്ഷത്തോളം രൂപ ആവശ്യമായിരുന്നു. വായ്പ ഉടനടി എന്ന ഫേസ്ബുക്ക് പരസ്യം കണ്ടതോടെ രമ്യ ‘യെസ്’ എന്ന് രേഖപ്പെടുത്തുകയും തട്ടിപ്പുകാരുടെ ആവശ്യപ്രകാരം ഫോണ്‍ നമ്പര്‍ നല്‍കുകയായിരുന്നു.
തുടര്‍ന്ന് തട്ടിപ്പുകാര്‍ വാട്സാപ്പ് കോളുകളില്‍ രമ്യയെ ബന്ധപ്പെടാന്‍ തുടങ്ങി. രമ്യയുമായി വായ്പയുടെ കാര്യങ്ങള്‍ വിശദീകരിച്ച ബാങ്കിന്റെ എക്സിക്യൂട്ടീവ് എന്ന് പരിചയപ്പെടുത്തിയ ആള് ‘വായ്പക്കുള്ള്’ ലിങ്ക് രമ്യയുടെ ഫോണിലേക്ക് അയച്ചു കൊടുത്തു. ലിങ്കിലൂടെ അവര്‍ ആവശ്യപ്പെട്ട പ്രകാരം പേര്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പിയും അയച്ചു കൊടുത്തു. ഇതോടെ ഒരുലക്ഷം രൂപ വായ്പ പാസായതായി തട്ടിപ്പുകാര്‍ രമ്യയെ അറിയിച്ചു.
പിന്നീട് മറ്റൊരാള്‍ വിളിച്ച് ഒരു ലക്ഷം രൂപ ലഭിക്കണമെങ്കില്‍ പതിനായിരം രൂപയും പിന്നീട് മുപ്പതിനായിരം രൂപയും അവര്‍ നല്കിയ ബാങ്ക് അക്കൗണ്ടില്‍ ട്രാന്‍ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച യുവതി ഈ തുകകള്‍ ഗൂഗിള്‍പേ വഴി അടയ്ക്കുകയായിരുന്നു.
അതേസമയം, തുക റീഫണ്ട് ചെയ്തു തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് രമ്യയുടെ അക്കൗണ്ട് നമ്പറില്‍ തെറ്റുണ്ടെന്നും അക്കൗണ്ട് ബ്ലോക്കാണെന്നും അറിയിച്ച് 24,000 രൂപ കൂടി അവര്‍ ട്രാന്‍ഫര്‍ ചെയ്യിപ്പിച്ചു. 64,000 തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് എത്തിയതോടെ അവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരു. പിന്നീട് വാട്സ്ആപ്പ് കോളില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ രമ്യയെ ബ്ലോക്ക് ചെയ്തതായി മനസിലായി. പിന്നീട് ചതിക്കപ്പെട്ടത് മനസ്സിലായതോടെ രമ്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Discussion about this post