വാഹനാപകടത്തില്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്; കാറുമായി ഹാജറാകാന്‍ നിര്‍ദ്ദേശം

അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. ഇന്ന് കാറുമായി പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു.

കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്ത് പോലീസ്. പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് നടനെതിരെ പോലീസ് കേസെടുത്തത്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. ഇന്ന് കാറുമായി പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു.

ശനിയാഴ്ച രാത്രി 12 മണിയോടെ നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ ബൈക്കുമായാണ് കൂട്ടിയിടിക്കുകയായിരന്നു. എറണാകുളം പാലാരിവട്ടത്തുവെച്ചാണ് അപകടം നടന്നത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് സുരാജിനെതിരെ കേസെടുത്തത്.

മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് അപകടത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സുരാജ് വെഞ്ഞാറമൂട് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ശരത്തിന്റെ കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.

അപകടത്തില്‍ സുരാജ് വെഞ്ഞാറമൂടിന് കാര്യമായ പരിക്കുകളില്ല. എന്നാല്‍ അദ്ദേഹവും ആശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട് അവിടെ നിന്ന് മടങ്ങി. അപകടത്തില്‍ പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Exit mobile version