തിരുവനന്തപുരം: ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറാതെയാണ് കേരളം. കാണാതായി 21 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസിന് കുട്ടിയെ ജീവനോടെ കണ്ടെത്തുവാന്‍ സാധിച്ചിരുന്നില്ല. പോലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയരുന്നത്.
ഇപ്പോഴിതാ, കേരള പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി വി.മുരളീധരന്‍. നികുതിപ്പണത്തില്‍നിന്ന് ശമ്പളം നല്‍കി സേനയെ സൃഷ്ടിച്ചത് ഫേയ്‌സ്ബുക്കില്‍ മാപ്പെഴുതാനല്ലെന്ന് മുരളീധരന്‍ വിമര്‍ശിച്ചു.
പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ബലാത്സംഗക്കൊല സംഭവിക്കുന്നത് ആരുടെ വീഴ്ചയെന്നതില്‍ അന്വേഷണം വേണമെന്നും, ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റകൃത്യം നടന്ന ശേഷം പ്രതിയെ പിടിച്ചെന്ന് വീമ്പ് പറയുകയല്ല വേണ്ടതെന്നും ജനത്തിന് സുരക്ഷ ഒരുക്കാനാകണമെന്നും വി.മുരളീധരന്‍ പറഞ്ഞു.
വി മുരളീധരന്റെ വാക്കുകള്‍
‘മനുഷ്യ മനസ്സാക്ഷിയെ വിറങ്ങലിപ്പിക്കുന്ന ക്രൂരകൃത്യത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ആലുവയിലെ പെണ്‍കുട്ടിയുടെ കൊലപാതകം മലയാളികളെ ലജ്ജിപ്പിക്കുകയാണ്. ഈ സംഭവം കഴിഞ്ഞ ശേഷം കേരള പോലീസ് ഫെയ്സ്ബുക്കിലൂടെ മാപ്പ് അപേക്ഷിക്കുകയാണ്. കേരള പോലീസിന്റെ പണി മാപ്പ് അപേക്ഷിക്കലല്ല. അതിനു വേണ്ടിയല്ല നികുതിപ്പണത്തിലൂടെ പോലീസ് സേനയ്ക്ക് ശമ്പളം നല്‍കുന്നത്. ആലുവ നഗരമധ്യത്തില്‍ സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന ഈ പ്രതിയെ കുറിച്ച് പോലീസിന് എന്തുകൊണ്ട് നേരത്തേ അറിയാന്‍ സാധിച്ചില്ലെന്നും മുരളീധരന്‍ ചോദിച്ചു.