കേരളം നടപ്പിലാക്കിയ എഐ ട്രാഫിക് സംവിധാനങ്ങള്‍ മികച്ച മാതൃക, ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളില്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് തമിഴ്‌നാട്, ഉദ്യോഗസ്ഥരുടെ പ്രതികരണത്തെ കുറിച്ച് മന്ത്രി പറയുന്നു

തിരുവനന്തപുരം: കേരളത്തിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ട്രാഫിക് സംവിധാനങ്ങളെ കുറിച്ചുള്ള തമിഴ്‌നാട്ടില്‍ നിന്നുള്ള ഉദ്യോഗസ്ഥസംഘത്തിന്റെ അഭിപ്രായം പങ്കുവെച്ച് മന്ത്രി പി രാജീവ്. സംസ്ഥാനത്ത് നടപ്പിലാക്കിയ എഐ ട്രാഫിക് സംവിധാനങ്ങള്‍ മികച്ച മാതൃകയാണെന്നും ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളില്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മന്ത്രി പറയുന്നു.

കേരളത്തിന്റെ റോഡ് സുരക്ഷ സംവിധാനത്തെക്കുറിച്ച് പഠിക്കാനെത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. തമിഴ്‌നാട് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എ എ മുത്തുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തില്‍ സന്ദര്‍ശനം നടത്തിയതെന്നും മന്ത്രി രാജീവ് അറിയിച്ചു.

also read: ഇസ്രായേലിലേക്ക് യാത്ര പോയ സംഘത്തിലെ ഏഴ് മലയാളികളെ കാണാതായി; ജോലിക്കായി മുങ്ങിയെന്ന് സംശയം

സേഫ് കേരള പദ്ധതി നടപ്പിലാക്കിയതിനെ തുടര്‍ന്ന് റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞുവെന്നത് ഉദ്യോഗസ്ഥരെ ഏറെ ആകര്‍ഷിച്ചു.സംഘം സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചതിന് ശേഷം തിരുവനന്തപുരം എന്‍എച്ച് ബൈപാസിലെ കെല്‍ട്രോണ്‍ വികസിപ്പിച്ച മൊബൈല്‍ സ്പീഡ് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും എ.ഐ ക്യാമറ സൈറ്റുകളില്‍ നേരിട്ടുപോയി കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മന്ത്രി പി രാജീവിന്റെ വാക്കുകള്‍ ഇങ്ങനെ

കെല്‍ട്രോണ്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ട്രാഫിക് സംവിധാനങ്ങള്‍ പഠിക്കാനെത്തിയ തമിഴ്‌നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ മികച്ച മാതൃകയെന്നാണ് പദ്ധതിയെക്കുറിച്ച് പ്രതികരിച്ചത്. കേരളത്തില്‍ നടപ്പിലാക്കിയ റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളില്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കര്‍ണാടകയ്ക്ക് പിന്നാലെ കേരളത്തിന്റെ അത്യാധുനിക റോഡ് സേഫ്റ്റി സംവിധാനത്തെക്കുറിച്ച് പഠിക്കാനെത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. സേഫ് കേരള പദ്ധതി നടപ്പിലാക്കിയതിനെത്തൂടര്‍ന്ന് സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞതാണ് തമിഴ്‌നാട് ഗതാഗത വകുപ്പിനെ കേരളത്തിലേക്ക് ആകര്‍ഷിച്ചത്.

തമിഴ്‌നാട് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എ എ മുത്തുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചതിന് ശേഷം തിരുവനന്തപുരം എന്‍എച്ച് ബൈപാസിലെ കെല്‍ട്രോണ്‍ വികസിപ്പിച്ച മൊബൈല്‍ സ്പീഡ് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും എ.ഐ ക്യാമറ സൈറ്റുകളില്‍ നേരിട്ടുപോയി കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തു.

സേഫ് കേരള പദ്ധതി വിജയകരമായി സ്ഥാപിച്ചു പരിപാലിക്കുന്നതിന്റെ തുടര്‍ച്ചയായി രാജ്യത്തുടനീളം സമാനമായ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാനുള്ള അവസരങ്ങള്‍ കെല്‍ട്രോണിനെ തേടിയെത്തുകയാണ്. കൂടുതലുയരങ്ങള്‍ കീഴടക്കി മുന്നോട്ടുകുതിക്കാനും കേരളത്തിന്റെ അഭിമാനമായി മാറാനും കെല്‍ട്രോണിന് സാധിക്കും. അതിനാവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുകയാണ് സംസ്ഥാന സര്‍ക്കാര്‍.

Exit mobile version