യൂണിഫോം ധരിക്കാത്തതിന് ക്ലാസിൽ കയറി ഏഴാം ക്ലാസുകാരനെ മർദ്ദിച്ചു; സ്വകാര്യ ഭാഗത്ത് സ്പർശിച്ചു; പിടിഎ പ്രസിഡന്റിന് എതിരെ പോക്‌സോ കേസ്

അടൂർ: പത്തനംതിട്ട അടൂരിൽ ക്ലാസ് മുറിയിൽ കയറി പിടിഎ പ്രസിഡന്റ് വിദ്യാർത്ഥിയോട് അതിക്രമം കാണിച്ചെന്ന് പരാതി. ക്ലാസിൽ കയറി വിദ്യാർഥിയെ ഉപദ്രവിക്കുകയും സ്വകാര്യ ഭാഗത്ത് സ്പർശിച്ചുവെന്നുമാണ് വെന്ന് പരാതി.

കുട്ടി യൂണിഫോം ധരിക്കാതെയാണ് സംഭവദിവസമെത്തിയത്. ഇക്കാര്യം ചോദ്യം ചെയ്ത് പിടിഎ പ്രസിഡന്റ് ഏഴാം ക്ലാസുകാരനോട് മോശമായി പെരുമാറിയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പരാതി. സംഭവത്തിൽ പത്തനംതിട്ട ഏനാത്ത് പോലീസ് കേസെടുത്തു.

കടമ്പനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐ പ്രദേശിക നേതാവുമായ എസ് രാധാകൃഷ്ണന് എതിരെയാണ് പരാതി. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാധാരമായ സംഭവമുണ്ടായത്. പരാതിക്കാരനായ വിദ്യാർത്ഥി അന്നേദിവസം സ്‌കൂളിൽ യൂണിഫോമിന്റെ ഭാഗമായ ഷർട്ട് അല്ല ധരിച്ചിരുന്നത്.

ഈ സമയത്ത് വരാന്തയിലൂടെ പോവുകയായിരുന്ന പിടിഎ പ്രസിഡന്റ് എസ് രാധാകൃഷ്ണനെ ക്ലാസ് എടുക്കുകയായിരുന്ന അധ്യാപിക വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് യൂണിഫോം ധരിക്കാത്തവരോട് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു.

സംഭവദിവസം ക്ലാസിൽ രണ്ടുവിദ്യാർഥികൾ യൂണിഫോം ധരിക്കാതെ വന്നെങ്കിലും പരാതിക്കാരനായ വിദ്യാർഥിക്ക് നേരെ പിടിഎ പ്രസിഡന്റ് അതിക്രമം കാണിച്ചുവെന്നാണ് പരാതി. സ്വകാര്യഭാഗത്ത് പിടിച്ചുവെന്നും അതിക്രമം കാണിച്ചുവെന്നുമാണ് രാധാകൃഷ്ണനെതിരായ കേസിലെ എഫ്‌ഐആറിൽ പറയുന്നത്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതും.

ALSO READ- പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ; ആലപ്പുഴ സ്വദേശിനി പിടിയിൽ

പിന്നാലെ സംഭവത്തിന് ശേഷം കുട്ടിയുടെ രക്ഷിതാവ് രാധാകൃഷ്ണനുമായി സംസാരിച്ചതിന്റെ ശബ്ദശകലം പുറത്തെത്തിയിരുന്നു. കുട്ടിയെ അറിയാവുന്നതുകൊണ്ടാണ് പരിശോധിച്ചതെന്നും തെറ്റ് ആവർത്തിക്കില്ലെന്നും ഇയാൾ രക്ഷിതാവിനോട് പറയുന്നുണ്ട്.

അതേസമയം, മകന്റെ പേര് ചോദിച്ച് അവനെ മാത്രം മർദിക്കുകയായിരുന്നുവെന്നാണ് രക്ഷിതാവ് ആരോപിച്ചത്. മറ്റൊരു കുട്ടിയെ അവന്റെ പേര് ചോദിച്ചശേഷം ഇരുന്നോളാൻ ആവശ്യപ്പെട്ടു. ഒരു പിടിഎ പ്രസിഡന്റിന് ഒരിക്കലും ഒരു കുട്ടിയെ ഇങ്ങനെ ചെയ്യേണ്ടകാര്യമില്ലെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.

Exit mobile version