ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ കയറണമെന്ന് ബുദ്ധിയുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര. ഈ നിലപാടുള്ളവര്‍ക്ക് അനുകൂലമായാണ് സുപ്രീംകോടതി വിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടിയാണ്. പണ്ടത്തെ പല ആചാരങ്ങളും നീതീകരിക്കപ്പെടുന്നുണ്ടെങ്കിലും ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നു. എങ്കിലും ഇത്തരം വിധി നടപ്പാക്കുമ്പോള്‍ താഴേത്തട്ടിലെ യാഥാര്‍ത്ഥ്യമുള്‍ക്കൊള്ളണം.’
അതേസമയം ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിക്കരുതെന്ന് കെപിസിസിയ്ക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കി. നേരത്തെ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരും യുഡിഎഫ് എംപിമാരും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശത്തിനും വേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത് എന്നതിനാല്‍ ഓര്‍ഡിനന്‍സ് ആവശ്യം ഉന്നയിക്കരുതെന്നാണ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.