തലശ്ശേരിയില്‍ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു..!

തലശ്ശേരി: ശബരിമല യുവതികളുടെ പ്രവേശനവും തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങളും നാല് ദിവസമായി കേരളം പുകയുകയായിരുന്നു. അതേസമയം തലശ്ശേരി- ന്യൂ മാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം സമാധാന യോഗം നടക്കുമ്പോള്‍ തലശേരിയില്‍ ഡിവൈഎഫഐ പ്രകടനത്തിനിടെ കല്ലേറുണ്ടായി. മാത്രമല്ല സ്ഥലത്ത് തുടരെ ഉണ്ടാകുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.

4 ദിവസമായി തലശ്ശേരിയില്‍ അക്രമാവസ്ഥയായിരുന്നു. എഎന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെയും ബോംബേറുണ്ടായി. തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. കണ്ണൂര്‍ ജില്ലയില്‍ സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്ന പ്രകോപനങ്ങളൊഴിവാക്കാന്‍ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ പാടില്ലെന്ന് സമാധാനയോഗത്തില്‍ തീരുമാനമായി.

എന്നാല്‍, ഹര്‍ത്താലും തുടര്‍ന്ന് നാല് ദിവസത്തെ അക്രമസംഭവങ്ങള്‍ക്കും ശേഷം കേരളം ശാന്തമാവുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രാത്രിയിലും പുലര്‍ച്ചെയും ഒരിടത്തും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനിടെ കേരളത്തിലെ ക്രമസമാധാന നില ഗവര്‍ണര്‍ കേന്ദ്രത്തെ ധരിപ്പിച്ചു. അക്രമ സംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.

Exit mobile version