മീനങ്ങാടി: പുല്ലരിയാനിറങ്ങിയ കുണ്ടുവയൽ സ്വദേശി കീഴാനിക്കൽ സുരേന്ദ്ര(59)നെ മരിച്ച നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. സുരേന്ദ്രന്റെ മരണം വെള്ളം ഉള്ളിൽച്ചെന്നാണെന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. നേരത്തെ സുരേന്ദ്രനെ അജ്ഞാത ജീവി പുഴയിലേക്ക് വലിച്ചുകൊണ്ടുപോയതാണ് എന്ന തരത്തിൽ സംശയങ്ങൾ പരന്നിരുന്നു.
എന്നാൽ വീടിന് സമീപത്ത് സുരേന്ദ്രൻ പുല്ലരിഞ്ഞിരുന്ന സ്ഥലത്ത് വെള്ളം കയറി പുല്ല് ചാഞ്ഞുപോയിരുന്നു. ഇത് കണ്ടാണ് വലിച്ചിഴച്ചെന്ന സംശയം ഉയരാൻ കാരണമായത്. കുളിക്കാനായി പുഴയിലിറങ്ങിയ സുരേന്ദ്രൻ ശക്തമായ ഒഴുക്കിൽ പുഴയിലേക്ക് വീണതാവാമെന്നാണ് പോലീസിന്റെ നിഗമനം.
വീടിനുസമീപം പുല്ലരിയാൻ പോയ സുരേന്ദ്രനെ അന്വേഷിച്ച് ഭാര്യ ഷൈലജ എത്തിയപ്പോൾ അരിഞ്ഞുവെച്ച പുല്ലുമാത്രമാണുണ്ടായിരുന്നത്. സുരേന്ദ്രനെ ഷൈലജ കണ്ടിരുന്നില്ല. ഈ സമയത്ത് ചാഞ്ഞ് കിടന്ന പുല്ലിലെ അടയാളം കണ്ടാണ് വലിച്ചിഴച്ചുകൊണ്ടുപോയതെന്ന് ധരിച്ചതെന്നും പോലീസ് പറയുന്നു. സുരേന്ദ്രൻ നീന്തലറിയാവുന്ന ആളാണെങ്കിലും ഒഴുക്കിൽപ്പെട്ട് കുഴഞ്ഞുപോയതിനെത്തുടർന്ന് മുങ്ങിപ്പോയതാകാമെന്നാണ് പോലീസിന്റെ വിശദീകരണം.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് സുരേന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്. ഏതെങ്കിലും ജീവികൾ ആക്രമിച്ചതിന്റെ ലക്ഷണമൊന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താനായിട്ടില്ല. കണ്ണിന്റെ മുകൾഭാഗത്ത് മീനുകൾ കൊത്തിയതൊഴികെ മൃതദേഹത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വീടിനുസമീപത്ത് പുല്ലരിയാൻ പോയ സുരേന്ദ്രനെ കാണാതായത്. പിന്നീട് പോലീസും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചിലിൽ വ്യാഴാഴ്ച നാലുകിലോമീറ്റർ അകലെനിന്നാണ് സുരേന്ദ്രന്റെ മൃതദേഹം കിട്ടിയത്.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകി. വൈകീട്ട് നാലുമണിയോടെ മൃതദേഹം കുണ്ടുവയലിലെ വീട്ടിൽ എത്തിച്ച് നാലരയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ജനപ്രതിനിധികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു.