തിരുവനന്തപുരം: മറ്റൊരു ആശുപത്രിയിൽ ചികിത്സിച്ചെന്ന് പറഞ്ഞ് രണ്ടര വയസുകാരന് സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശികളായ ഹരിജിത്ത്, അശ്വിനി ദമ്പതികളുടെ കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്. തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലാണ് സംഭവം.
അമ്മയും കുഞ്ഞും ആശുപത്രിയിലെ ഡോക്ടർ മോശമായി പെരുമാറിയെന്നും ചികിത്സ നിഷേധിച്ചെന്നും കുട്ടിയുടെ അമ്മ അശ്വനി പറയുന്നു. പനിയും ശ്വാസംമുട്ടലും ഉണ്ടായതിനെ തുടർന്നാണ് കുഞ്ഞിനെ തൈക്കാട് ആശുപത്രിയിലെത്തിച്ചത്.
നേരത്തെ തൈക്കാട് ആശുപത്രിയിലെ മറ്റൊരു ഡോക്ടർ കുഞ്ഞിനെ ചികിത്സിച്ചിരുന്നു. അതുകൊണ്ടാണ് വീണ്ടും അവിടേക്ക് പോയത്. മറ്റൊരു സ്വകാര്യ ക്ലിനിക്കിലും കുട്ടി ചികിത്സ തേടിയിരുന്നു. സ്വകാര്യ ക്ലിനിക്കൽ ചികിത്സ തേടിയതുകൊണ്ട് ചികിത്സിക്കാനാകില്ലെന്നാണ് സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ പറഞ്ഞതെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു.
അതേസമയം, ഇവിടെ ചികിത്സ നിഷേധിച്ചതോടെ കുഞ്ഞിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് നീക്കമെന്നാണ് ഇവർ പറയുന്നത്.