തൃശൂര്‍: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ ആദിവാസി യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. തൃശ്ശൂരിലാണ് സംഭവം. ആനപ്പാന്തം കോളനിയിലെ ഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സുരേഷാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമായത്. കല്ലുകൊണ്ട് ഗീതയുടെ തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ബന്ധുവീട്ടില്‍ വച്ചാണ് ഗീതയും സുരേഷും ഒന്നിച്ച് മദ്യപിച്ചത്.
തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. അതിനിടെയാണ് ബന്ധുവീട്ടില്‍ നിന്ന് കയ്യില്‍ കരുതിയ വടിവാളുകൊണ്ട് ഗീതയെ വെട്ടുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തത്.
കൊലപാതകത്തിന് ശേഷം സുരേഷ് കാടുകയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ചാലക്കുടെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സുരേഷിനായുള്ള തെരച്ചില്‍ തുടരുകയായിരുന്നു.
അതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട ആദിവാസി കുടിലിനുള്ളില്‍ സുരേഷ് ഒളിച്ചുകഴിയുകയാണെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
Discussion about this post