കൊച്ചി: മൂവാറ്റുപുഴയിൽ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കത്തിലാണ് ഒരു നാടാകെ. മകളുടെ വിയോഗത്തിന് തൊട്ടടുത്ത ദിവസം മകളുടെ പിറന്നാളെത്തിയത് കുടുംബത്തിന് കണ്ണീർ മാത്രമാണ് സമ്മാനിതക്കുമ്മത്. ഇന്ന് മകളുടെ 20-ാം പിറന്നാളാണെന്ന് അമ്മ ഗിരിജ കണ്ണീരോടെ പറയുകയാണ്.
തന്റെ മകളെ കൊന്ന പ്രതിയായ ആൻസൺ റോയിക്ക് തക്കതായ ശിക്ഷ നൽകണമെന്നാണ് അച്ഛൻ രഘു പറയുന്നത്. മറ്റൊരു കുട്ടിക്കും തന്റെ മകളുടെ ദുരവസ്ഥ ഉണ്ടാകരുതെന്നും മാതാപിതാക്കൾ പ്രതികരിച്ചു.
അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയായ ആർ നമിതയെ കോളേജിന് മുന്നിൽവെച്ച് കഴിഞ്ഞ ദിവസമാണ് അമിത വേഗതയിൽ എത്തിയ ബൈക്കിടിച്ച് കൊലപ്പെടുത്തിയത്.
സംഭവത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽക്കഴിയുന്ന പ്രതിയായ ആൻസൺ റോയിയെ ചികിത്സ കഴിഞ്ഞാലുടൻ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ വാഹന രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കുന്ന നടപടികളെക്കുറിച്ച് മോട്ടോർ വാഹന വകുപ്പും ആലോചിക്കുന്നുണ്ട്.
ആൻസൺ കൊലപാതക ശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയാണ്. നിലവിലെ അപകടത്തിന്റെ കൂടി പശ്ചാത്തലത്തിൽ പ്രതിക്കെതിരെ കാപ്പ ചുമത്താനാണ് പോലീസ് തീരുമാനം.
മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിദ്യാർത്ഥിനിയായ ആർ നമിത വ്യാഴാഴ്ച വൈകീട്ട് കോളേജ് കഴിഞ്ഞ് റോഡ് മുറിച്ച് കടക്ക0ുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. നമിതയുടെ കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിനിക്കും പരിക്കേറ്റു. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്.
ബൈക്ക് നമിതയേയും സഹപാഠിയായ അനുശ്രീയേയും ഇടിച്ച് തെറിപ്പിച്ച് മറിഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും നമിതയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ ആൻസൺ റോയിക്കും പരിക്കേറ്റിരുന്നു. പിന്നാലെ ആൻസണെ ചികിത്സിക്കുന്ന ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയ വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു.