അരയേക്കർ സ്ഥലത്ത് ഒമ്പത് നിർധന കുടുംബങ്ങൾക്ക് സൗജന്യമായി വീടൊരുക്കി നൽകി ഏഴാച്ചേരി പെരികിലമലയിൽ ഫ്രാൻസിസ് ജോസഫ് (കൊച്ച്-78)ന്റെ നന്മ. തന്റെ ഭാര്യയുടെ ഓർമയ്ക്കായാണ് ഫ്രാൻസിസ് ജോസഫ് 9 നിർധന കുടുംബങ്ങൾക്ക് തണലായത്.
ഫ്രാൻസിസ് ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫിന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ചാണ് ഭർത്താവ് ഫ്രാൻസിസ് ജോസഫ് ‘ചാച്ചീസ് ഗാർഡൻ’ എന്ന പേരിൽ ഒമ്പത് വീടുകൾ നിർമ്മിച്ചത്. ‘ചാച്ചി’ എന്ന് നാട്ടുകാർ വിളിച്ചിരുന്ന ഏലിക്കുട്ടിയുടെ സ്മരണയ്ക്കായാണ് ചാച്ചീസ് ഗാർഡൻ എന്ന പേരും നൽകിയത്. വീടുകളുടെ വെഞ്ചരിപ്പും ഗൃഹപ്രവേശവും ജൂലൈ 29നു നടത്തും.
ഏഴാച്ചേരി പെരികിലമലയിൽ വീടിനോടു ചേർന്ന അരയേക്കർ സ്ഥലത്താണ് 9 വീടുകൾ അദ്ദേഹം നിർമിച്ചത്. 700 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് വീടുകൾ. 12 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഓരോ വീടിന്റെയും നിർമ്മാണം. 5 മാസം കൊണ്ട് വീടുകളുടെ നിർമാണം പൂർത്തിയാക്കി.
ദീർഘകാലം അമേരിക്കയിലായിരുന്നു ഫ്രാൻസിസ് ജോസഫും ഏലിക്കുട്ടിയും. പിന്നീട് 20 വർഷം മുൻപാണ് നാട്ടിൽ സ്ഥിര താമസമാക്കിയത്. ഇരട്ട മക്കളായ ജോഫ്സണും അലിസണും 40 വർഷമായി അമേരിക്കയിൽ തന്നെ കുടുംബമായി താമസമാണ്.
also read- അഫ്സാന കൊലപ്പെടുത്തിയിട്ടില്ല; കലഞ്ഞൂരിൽ നിന്നും കാണാതായ നൗഷാദിനെ ജീവനോടെ കണ്ടെത്തി തൊടുപുഴ പോലീസ്
വീടുകൾ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിക്കും. മന്ത്രി വിഎൻ വാസവൻ വീടുകൾ ഉദ്ഘാടനം ചെയ്യും. ഫ്രാൻസിസ് ജോസഫിനെ മന്ത്രി റോഷി അഗസ്റ്റിൻ ആദരിക്കും. തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തും. ഭവനസമുച്ചയ വളപ്പിൽ സ്ഥാപിച്ച ചാച്ചിയുടെ പ്രതിമ മാണി സി കാപ്പൻ എംഎൽഎ അനാഛാദനം ചെയ്യും. വീടുകളുടെ താക്കോൽദാനം ഫ്രാൻസിസ് ജോസഫ് നിർവഹിക്കും.
Discussion about this post