തൊടുപുഴ: പത്തനംതിട്ട കലഞ്ഞൂരിൽനിന്ന് കാണാതായ നൗഷാദിനെ (36) കണ്ടെത്തി. നൗഷാദിനെ കൊലപ്പെടുത്തിയെന്നാണ് ഭാര്യ അഫ്‌സാന മൊഴി നൽകിയിരുന്നത്. എന്നാൽ തൊടുപുഴ പോലീസ് നൗഷാദിനെ തൊമ്മൻകുത്ത് ഭാഗത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് നൗഷാദിനെ ഡിവൈഎസ്പി ഓഫിസിൽ എത്തിച്ചു.
കൂടലിൽ നിന്നുള്ള പോലീസ് സംഘം എത്തി നൗഷാദിനെ കൊണ്ടുപോകും. ഒന്നര വർഷം മുൻപു കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയതായാണ് ഭാര്യ അഫ്‌സാന ഇന്നലെ പോലീസിനു മൊഴി നൽകിയത്.
ഈ വാക്ക് വിശ്വസിച്ച് പോലീസ് സമീപത്തെ സെമിത്തേരിയിലും വീടിനകത്തും ഉൾപ്പടെ മൃതദേഹത്തിനായി തിരച്ചിൽ നടത്തിയിരുന്നു. കൂടൽ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തപ്പോൾ യുവതി വീണ്ടു മൊഴി മാറ്റി. മൃതദേഹം സുഹൃത്തിന്റെ സഹായത്തോടെ പെട്ടിഓട്ടോയിൽ കൊണ്ടുപോയെന്നാണ് പറഞ്ഞത്. ഇതോടെ പെട്ടി ഓട്ടോ ഡ്രൈവറെയും കസ്റ്റഡിയിൽ എടുത്തിരുന്നു.എന്നാൽ ഇയാൾക്ക് ഓട്ടോ പോലും ഇല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
ഇതിനിടെ, നൗഷാദിനെ തിരികെ കൊണ്ടുവരണമെന്നു തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്‌സാന പറഞ്ഞതോടെയാണ് പോലീസിന് നൗഷാദ് മരിച്ചിട്ടില്ലെന്ന സൂചന ലഭിച്ചത്. അതേസമയം, നൗഷാദിനെ കാണാതായ സംഭവത്തിൽ കൊലപാതകം സംശയിച്ച് അറസ്റ്റ് ചെയ്ത ഭാര്യ അഫ്‌സാനയെ കോടതി റിമാൻഡ് ചെയ്തിരുന്നു.
അതേസമയം അഫ്‌സാനയ്ക്കു മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നു സംശയിക്കുന്നതായി നൗഷാദിന്റെ മാതാപിതാക്കൾ പറഞ്ഞു. നൗഷാദും കുടുംബവും പരുത്തിപ്പാറയിലെ വാടകവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. അന്ന് സമീപവാസികളുമായി അടുപ്പം പുലർത്തിയിരുന്നില്ല.
വിശാലമായ പറമ്പിനു നടുവിലെ പഴയ വീട്ടിൽ ഇപ്പോൾ ഇതരസംസ്ഥാന തൊഴിലാളികളാണു താമസിക്കുന്നത്. ഇവിടെ കഴിഞ്ഞിരുന്ന കാലത്ത് നൗഷാദ് മദ്യപിച്ചെത്തി സ്ഥിരമായി അഫ്‌സാനയെ മർദിക്കുമായിരുന്നു. പലപ്പോഴും മർദനം സഹിക്കാൻ വയ്യാതെ തങ്ങളുടെ വീട്ടിൽ എത്തുമായിരുന്നുവെന്നു പ്രദേശവാസിയായ ഷാനി പറഞ്ഞു. 2 കുട്ടികളുമായി എത്തുന്ന അഫ്‌സാനയെ ഏറെ നേരം കഴിഞ്ഞു നൗഷാദ് വന്നു വിളിച്ചുകൊണ്ടു പോകുന്നതായിരുന്നു പതിവ്.