കൊച്ചി: റോഡ് മുറിച്ചു കടക്കവെ അമിത വേഗത്തില്‍ വന്ന ബൈക്ക് ഇടിച്ച് നമിത എന്ന വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആന്‍സണ്‍ റോയിക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ആന്‍സണ്‍ റോയിയുടെ ലൈസന്‍സും ആര്‍സിയും റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും അമിത വേഗതയാണ് അപകടത്തിന് കാരണമെന്നുമാണ് പ്രാഥമിക നിഗമനം. പ്രതി ആന്‍സണ്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയാല്‍ അറസ്റ്റിലേക്ക് കടക്കാനാണ് പോലീസിന്റെ നീക്കം.
കഴിഞ്ഞ ദിവസമാണ് ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ബി കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ വാളകം കുന്നയ്ക്കാല്‍ നമിതയെ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
നമിതയുടെ കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിര്‍മ്മല കോളേജിന് മുന്നിലാണ് അപകടം നടന്നത്. കോളേജ് ജംഗ്ഷനില്‍ റോഡ് മുറിച്ച്കടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്ന ആന്‍സണ്‍ റോയിക്കും അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നമിതയുടെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. അമിത വേഗമാണ് അപകട കാരണമെന്ന് നാട്ടുകാരും വിദ്യാര്‍ത്ഥികളും ആരോപിക്കുന്നത്.
അതേസമയം, ബൈക്ക് ഓടിച്ചിരുന്ന ആന്‍സണ്‍ കൊലപാതക ശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് പോലീസ് വ്യക്തമാക്കി. ഇയാള്‍ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.