കോഴിക്കോട് തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

കണ്ണൂക്കരയില്‍ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരുന്നു സംഭവം.

കോഴിക്കോട്: തെരുവ് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. അഴിയൂര്‍ ആവിക്കര റോഡില്‍ പുതിയപറമ്പത്ത് അനില്‍ ബാബു(44) ആണ് മരിച്ചത്. കണ്ണൂക്കരയില്‍ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരുന്നു സംഭവം. ഉടന്‍ തന്നെ അനില്‍ ബാബുവിനെ നാട്ടുകാര്‍ വടകര സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ബസ് സ്റ്റോപ്പിന് മുന്നിലൂടെ ഓട്ടോ ഓടിച്ച് പോകുമ്പോള്‍ തെരുവ് നായ പെട്ടെന്ന് ഓട്ടോയുടെ മുന്നിലേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ വാഹനം തലകീഴായി മറിഞ്ഞു. സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ അനില്‍ ബാബുവിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനില്‍ ബാബു അനില്‍ ബാബു രാത്രിയോടെ മരിക്കുകയായിരുന്നു. വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

അതേസമയം, ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. ചെറിയ ഇടവേളക്ക് ശേഷം നായകളുടെ ശല്യം രൂക്ഷമായതായാണ് നാട്ടുകാര്‍ പറയുന്നത്.

Exit mobile version