പരപ്പനങ്ങാടി: ഇത്തവണത്തെ മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാംസമ്മാനമായ 10കോടിയടിച്ചത് ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കായിരുന്നു. ദാരിദ്രവും ചുമന്ന് നാട് വൃത്തിയാക്കാന്‍ ഓടി നടക്കുന്ന 11 ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് 10കോടിയടിച്ച വാര്‍ത്ത സന്തോഷത്തോടെയായിരുന്നു കേരളക്കര കേട്ടത്.
പരപ്പനങ്ങാടി സ്വദേശികളായ പി.ലക്ഷ്മി, കെ.ലീല, എം.പി.രാധ, എം.ഷീജ, ചന്ദ്രിക തുടിശ്ശേരി, ബിന്ദു കൊഴുകുമ്മല്‍, കാര്‍ത്ത്യായനി പട്ടണത്ത്, ശോഭ കുരുളില്‍, കുട്ടിമാളു ചെറുകുറ്റിയില്‍, ബേബി ചെറുമണ്ണില്‍, രാധ മുണ്ടുപാലത്തില്‍ എന്നിവരെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.
ഒന്നാംസമ്മനമടിച്ച എം.ബി 200261 എന്ന ടിക്കറ്റ് പരപ്പനങ്ങാടി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഏല്‍പ്പിച്ചു. നാലാം തവണയാണ് ഇവരൊന്നിച്ച് ടിക്കറ്റെടുക്കുന്നത്. കഴിഞ്ഞ തവണ ഓണം ബമ്പറില്‍ 1,000 രൂപ അടിച്ചിരുന്നു. രാധയായിരുന്നു എല്ലാവരെയും ടിക്കറ്റ് എടുക്കാന്‍ പ്രേരിപ്പിച്ചത്.
എന്നാല്‍ പണമില്ലാത്തതിനാല്‍ ലോട്ടറി എടുക്കണോ എന്ന് ഒരുനിമിഷം 11പേരും ചിന്തിച്ചിരുന്നു. ദാരിദ്രത്തിന്റെ പിടിയിലായിരുന്നു പലരും. ഇപ്പോള്‍ ലക്ഷാധിപതികളായിട്ടും ഹരിതകര്‍മ്മ സേനയില്‍ തുടരാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.
also read: ശക്തമായ കാറ്റില്‍ പറന്നെത്തിയ തകര ഷീറ്റ് കഴുത്തില്‍ വീണു, വയോധികന് ദാരുണാന്ത്യം
ഇനി ചെയ്തുതീര്‍ക്കാന്‍ ഒത്തിരി കാര്യങ്ങളുണ്ടെന്ന് പറയുകയാണ് 11 പേരും. മുടങ്ങിക്കിടക്കുന്ന ചികിത്സ പൂര്‍ത്തിയാക്കണം, വീടിന്റെ ആധാരം തിരിച്ചെടുക്കണം, കടം വീട്ടണം പട്ടിണിയില്ലാതെ കഴിയണം, എന്നിങ്ങനെ പട്ടിക നീളുന്നു ഇവരുടെയെല്ലാം ആഗ്രഹങ്ങള്‍.