നെടുമങ്ങാട്: ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് ആര്‍എസ്എസ് നേതാവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ല. ബോംബെറിഞ്ഞത് ജില്ലാ പ്രചാരക് പ്രവീണാണെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. പ്രവീണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് അറിയുന്നത്.
അതേസമയം സംസ്ഥാനത്തെ വിവിധ സംഘര്‍ഷങ്ങളിലായി മുപ്പത്തിയെണ്ണായിരത്തോളം പേര്‍ പ്രതികളെന്ന് പോലീസ്. ഇതില്‍ മൂവായിരത്തി ഒരുന്നൂറ്റി എഴുപത്തിയെട്ട് പേരെ അറസ്റ്റ് ചെയ്തു.
പാലക്കാട് സ്വദേശിയായ പ്രവീണ്‍ അടുത്തിടെ വാളിക്കോട്ട് കടയുടമയെ ആക്രമിച്ച കേസിലെ പ്രതിയാണ്. ഹര്‍ത്താല്‍ ദിവസം ആനാട്ട് എസ്‌ഐയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് ബോംബെറിഞ്ഞ് പരിഭ്രാന്തി പരാതിയതെന്ന് ആക്ഷേപമുണ്ട്. സ്റ്റേഷനു മുന്നില്‍ കൂടിനിന്ന സിപിഎമ്മുകാരെ വിരട്ടിയോടിക്കാനും ഉദ്ദേശിച്ചിരുന്നത്രേ.
അഞ്ചു തവണയാണ് ഇയാള്‍ ബോംബ് എറിഞ്ഞത്. പോലീസുകാരും സിപിഎം പ്രവര്‍ത്തകരും ഓടി മാറിയതുകൊണ്ട് അത്യാഹിതം സംഭവിച്ചില്ല. മേലാംകോട് ഇടറോഡിലൂടെ എത്തിയ ഇയാള്‍ പ്ലാസ്റ്റിക് കവറില്‍ നിന്ന് ബോംബുകള്‍ എടുത്ത് എറിയുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഇയാളുടെ നേതൃത്വത്തില്‍ തന്നെയാകാം പിന്നീട് സിപിഎം ജാഥയ്ക്കു നേരെയും ബോംബേറുണ്ടായതെന്ന് പോലീസ് സംശയിക്കുന്നു.
നെടുമങ്ങാട് ബോംബേറ് കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകുന്നത് ആശങ്കാജനകമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.ജി.ആര്‍.അനില്‍ പറഞ്ഞു.
ബോംബേറ് കേസില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്- എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉഴമലയ്ക്കല്‍ വേണുഗോപാലും ആവശ്യപ്പെട്ടു.