ആലപ്പുഴ: ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതിയെ തിരികെ ജില്ലാ ജയിലിനുള്ളിലേക്കു വിളിച്ചുവരുത്തിയ അസി.സൂപ്രണ്ട് ഇയാളോടൊപ്പം ചേർന്ന് മറ്റൊരു തടവുകാരനെ മർദിച്ചെന്നു പരാതി. മർദ്ദനത്തിനിടെ സഹതടവുകാർ ഇടപെട്ടതോടെ പരുക്കേറ്റയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ച് ജയിൽ അധികൃതർ ചികിത്സ നൽകി. ആശുപത്രിയിൽ നിന്നും ഇക്കാര്യം പോലീസിൽ റിപ്പോർട്ട് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
മർദനമേറ്റ മണ്ണഞ്ചേരി സ്വദേശി ഫൈസൽ എന്നയാൾ ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ കേസെടുക്കാൻ അനുമതി തേടി ആലപ്പുഴ സൗത്ത് പോലീസ് മജിസ്‌ട്രേട്ടിനു റിപ്പോർട്ട് നൽകി. ആലപ്പുഴ ജില്ലാ ജയിലിൽ ഈ മാസം 21ന് ആണ് വിവാദ സംഭവമുണ്ടായത്.
വയോധികനെ ആക്രമിച്ചു മൊബൈൽ ഫോൺ കവർന്ന കേസിൽ റിമാൻഡിൽ കഴിയുന്നയാണ് ഫൈസൽ. ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ച മുൻപ് ജയിലിൽ ചെറിയ സംഘർഷമുണ്ടായിരുന്നതായി പറയുന്നു. ഇതിന്റെ കണക്കു തീർക്കലാണു നടന്നതെന്നാണ് മറ്റ് തടവുകാരുടെ ആരോപണം.
അയൽക്കാരെ ആക്രമിച്ച കേസിലെ പ്രതിയായ റിമാൻഡ് തടവുകാരൻ അമ്പലപ്പുഴ കോമന സ്വദേശിയെയാണു ജയിൽ സൂപ്രണ്ടിന്റെ മുറിയിലേക്ക് അസി.സൂപ്രണ്ട് വിളിച്ചുവരുത്തിയത്. ഒരാഴ്ച മുൻപ് ജാമ്യത്തിലിറങ്ങിയതാണ് ഇയാൾ. കോമ സ്വദേശി എത്തിയതിന് പിന്നാലെ ഫൈസലിനെ സെല്ലിൽ നിന്നിറക്കി അങ്ങോട്ടു കൊണ്ടുവന്നു. ഭക്ഷണം വിളമ്പൽ തർക്കത്തെപ്പറ്റി ചോദിക്കുകയും ശേഷം ഇരുവരും ചേർന്നു ഫൈസലിനെ മർദ്ദിക്കുകയായിരുന്നു എന്നുമാണ് പരാതി.
ജാമ്യത്തിലിറങ്ങിയ പ്രതി സംഭവദിവസം ഉച്ചയ്ക്ക് 12.05 മുതൽ 12.50 വരെ അവിടെ ഉണ്ടായിരുന്നതായി ജയിലിലെ ഇൻ-ഔട്ട് റജിസ്റ്ററിലെ രേഖകളിലുണ്ട്. 12.40 ന് ഫൈസലിനു ജയിലിൽ മർദനമേറ്റെന്നാണു ഡോക്ടറുടെ റിപ്പോർട്ട്.
ALSO READ- പോലീസ് സ്റ്റേഷനില്‍ കപ്പയും ചിക്കനും പാചകം ചെയ്തു, വീഡിയോ വൈറല്‍! പിന്നാലെ എട്ടിന്റെ പണി
അതേസമയം, കോമന സ്വദേശിയെ ജയിലിലേക്കു വിളിച്ചുവരുത്തിയതാണെന്ന് ആലപ്പുഴ ജില്ലാ ജയിൽ സൂപ്രണ്ട് ആർ ശ്രീകുമാർ സ്ഥിരീകരിച്ചിട്ടുണ്ട്. ജയിലിൽ വെച്ച് ഫൈസൽ തന്നെ മർദിച്ചെന്നു കോമന സ്വദേശി ജാമ്യത്തിലിറങ്ങിയ ശേഷം ഫോണിൽ വിളിച്ചു പരാതിപ്പെട്ടിരുന്നു. ഇക്കാര്യം ചോദിക്കാനാണു വിളിപ്പിച്ചതെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. ഈ സമയത്ത് ഫൈസലിനെയും സൂപ്രണ്ടിന്റെ മുറിയിലേക്കു വിളിപ്പിച്ചിരുന്നെന്നും എന്നാൽ പരാതിയിൽ പറയുന്ന തരത്തിലുള്ള മർദനം ഉണ്ടായിട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു.
അതേസമയം, മർദ്ദനമുണ്ടായാൽ പോലീസിൽ റിപ്പോർട്ട് ചെയ്യുകയാണ് വേണ്ടതെന്നും വിളിച്ചുവരുത്തി അന്വേഷിക്കാൻ ജയിൽ അധികൃതർക്ക് അധികരമില്ലെന്നുമാണ് പോലീസിന്റെ നിലപാട്.