മൂവാറ്റുപുഴ: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് തെറിപ്പിച്ച നിർമല കോളേജ് വിദ്യാർഥിനിയ്ക്ക് ദാരുണമരണം. ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ബികോം അവസാന വര്‍ഷ വിദ്യാർഥിനി വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം രഘുവിന്റെ മകള്‍ ആര്‍. നമിത ആണ് മരിച്ചത്. നമിതയുടെ കൂടെ ഉണ്ടായിരുന്ന കോട്ടയം പൂവകുളം മണിമലയില്‍ എം.ഡി.ജയരാജന്റെ മകള്‍ അനുശ്രീ രാജിന് അപകടത്തില്‍ പരുക്കേറ്റു.
ഇതിനിടെ നമിതയെ ഇടിച്ചിട്ട് മരണത്തിലേക്ക് തള്ളിവിട്ട ബൈക്കുകാരൻ ആൻസൺ റോയിക്കെതിരെ ആശുപത്രിയിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. നമിതയെ ബൈക്കിടിച്ചു വീഴ്ത്തിയ ആൻസൺ റോയിയെ പ്രവേശിപ്പിച്ചിരിക്കുന്ന മൂവാറ്റുപുഴ നിർമല സെന്ററാണ് വിദ്യാർഥികൾ രാത്രി വളഞ്ഞു. തലയ്ക്ക് പരിക്കേറ്റ ഇയാളെ വേറെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിരുന്നു.
ആൻസൺ മനപ്പൂർവം അപകടം ഉണ്ടാക്കിയതാണെന്നും ഇയാളെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും പറഞ്ഞാണ് വിദ്യാർഥികൾ തടിച്ചുകൂടിയത്. നമിതയെ ആശുപത്രിയിലെത്തിച്ചപ്പോൾ മുതൽ ഇവിടെ കൂടിയിരിക്കുന്ന കുട്ടികളെ പിരിച്ചുവിടാൻ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. ഇതിനിടെ ആൻസൺ കുട്ടികളോട് ദേഷ്യപ്പെട്ടത്ാണ് സ്ഥിതി സങ്കീർണമാക്കിയത്.
അപകട ശേഷം ആശുപത്രിയിൽവെച്ച് ‘വാഹനമായാൽ ഇടിക്കും’ എന്ന് ബൈക്കോടിച്ചിരുന്ന ആൻസൺ പ്രതികരിച്ചതാണ് വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. ഇയാൾ വിദ്യാർത്ഥികളോട് തട്ടിക്കയറിയത് വലിയ രോഷത്തിനിടയാക്കി. ഇതോടെ ആശുപത്രി പരിസരത്ത് സംഘർഷമുണ്ടായി. മുന്നൂറോളം വിദ്യാർത്ഥികൾ ആശുപത്രി വളഞ്ഞതോടെ പോലീസിനും ആശങ്കയായി. ഏറെ ബുദ്ധിമുട്ടിയാണ് പോലീസും അധ്യാപകരും ചേർന്ന് വിദ്യാർഥികളെ നിയന്ത്രിച്ചത്. ബുധനാഴ്ച അർധരാത്രിയിലും വിദ്യാർത്ഥികൾ ഒഴിഞ്ഞുപോവാൻ തയ്യാറായില്ല.
അതേസമയം, ആൻസൺ റോയി വിവിധ കേസുകളിൽ പ്രതിയാണെന്ന് പോലീസ്. കൊലപാതക ശ്രമമടക്കം ഇയാളുടെ പേരിൽ കേസുണ്ടെന്നാണ് പോലീസ് പറയുന്നത്. അപകടമുണ്ടാകുന്നതിനു മുൻപ് കോളേജ് പരിസരത്ത് ഇയാൾ അമിത വേഗത്തിൽ ചുറ്റിക്കറങ്ങിയിരുന്നു. പിന്നീട് കോളേജിനു മുന്നിൽ ബൈക്ക് ഇരപ്പിച്ച് ശബ്ദമുണ്ടാക്കിയ തോടെ വിദ്യാർത്ഥികൾ ചോദ്യം ചെയ്തിരുന്നു.
ALSO READ- ‘വീണ്ടും ഞാന്‍ അധികാരത്തിലെത്തിയാല്‍ നിങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കും’ ; നരേന്ദ്രമോഡി
തുടർന്ന് സ്ഥലംവിട്ട ഇയാൾ പിന്നീട് അമിത വേഗത്തിൽ പാഞ്ഞെത്തിയാണ് അപകടമുണ്ടാക്കിയത്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അപകടത്തിന്റെയടക്കം ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇയാളെ ആനിക്കാട് ഭാഗത്ത് ചില സംഘത്തിനൊപ്പം കാണാറുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. തുടർന്ന് ആൻസൺ റോയിയുടെ ഇടപാടുകൾ സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.