കോഴിക്കോട്: അപൂര്‍വ ജനിതക രോഗം ബാധിച്ച് കിടപ്പിലായ എട്ടുവയസ്സുകാരന്‍ ചികിത്സ സഹായം തേടുന്നു. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ഇസിയാന്‍ ആണ് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ചികിത്സ സഹായം തേടുന്നത്. ഇതിനുള്ള ഏകവഴിയാണ് മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയ. ഉള്ളതെല്ലാം പെറുക്കി വിറ്റ് കുടുംബം ഇതുവരെ ചികിത്സിച്ചു. ഇനി ശസ്ത്രക്രിയയുടെ ചെലവ് താങ്ങാവുന്നതിലും ഏറെയാണ്.
അഞ്ച് വയസ് വരെ ഓടിക്കളിച്ചു നടന്ന ഇസിയാന്‍, തനിക്ക് വലുതായാല്‍ ഡോക്ടറാകണമെന്ന് ഉപ്പയോട് എന്നും പറയും. ഇപ്പോള്‍ മൂന്ന് വര്‍ഷമായി അപൂര്‍വ്വ രോഗത്തിന് ചികിത്സ തുടരുകയാണ്. ചികിത്സക്കിടെ ഇസിയാന് ശബ്ദവും നഷ്ടമായി. പ്രതിരോധ ശേഷി ഇല്ലാതാകുന്ന അപൂര്‍വ്വ ജനിതക രോഗം ഓരോ ദിവസവും അവനെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു.
വയറുവേദനയായിരുന്നു ആദ്യം വന്നത്. പിന്നെ സ്ഥിരമായ അണുബാധ, ഭക്ഷണം ഇറക്കാന്‍ പറ്റാത്ത അവസ്ഥ, ന്യൂമോണിയ എന്നിങ്ങനെ തുടര്‍ച്ചയായി അസുഖങ്ങള്‍ പിടിപെട്ടു. വിദേശത്ത് ജോലി ചെയ്തിരുന്ന ഉപ്പ അബ്ദുള്‍ സലാം വീടും സ്വന്തമായുണ്ടായിരുന്നതെല്ലാം വിറ്റ് മകനെ ചികിത്സിച്ചു. ഇതുവരെ ചികിത്സിയ്ക്കായി 20 ലക്ഷത്തോളം രൂപ ചെലവായി. തുടര്‍ചികിത്സയ്ക്ക് ഇനി എന്ത് ചെയ്യണമെന്ന് ഇസിയാന്റെ കുടുംബത്തിന് അറിയില്ല.
മജ്ജ മാറ്റിവെച്ചാല്‍ മാത്രമേ ഇസിയാനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനാവുകയുള്ളൂ. ശസ്ത്രക്രിയയ്ക്ക് 30 ലക്ഷത്തിലധികം രൂപ ചെലവുവരും. ശസ്ത്രക്രിയയെ അതിജീവിക്കാനുള്ള ആരോഗ്യസ്ഥിതിയിലേക്ക് ഇസിയാനെത്തിയാലുടന്‍ അതിലേക്ക് കടക്കാമെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍ പറയുന്നത്.