കോഴിക്കോട്: കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ ബസ് ഓടിച്ച് താരമാവുകയാണ് അനുഗ്രഹ എന്ന മിടുക്കി. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശിനിയായ അനുഗ്രഹയ്ക്ക് ചെറുപ്പം മുതല്‍ ഡ്രൈവിംഗ് ഭയങ്കര ഇഷ്ടമായിരുന്നു. 18 വയസ്സായപ്പോള്‍ തന്നെ ലൈസന്‍സ് സ്വന്തമാക്കുകയും വാഹനവുമായി റോഡില്‍ ഇറങ്ങുകയും ചെയ്തു. സ്കൂട്ടറും ബൈക്കും കാറുമെല്ലാം ഓടിക്കുന്ന അനുഗ്രഹയ്ക്ക് ഹെവി ലൈസന്‍സ് കിട്ടിയതോടെ ബസ് ഓടിക്കാമെന്ന തീരുമാനത്തില്‍ എത്തുകയും ചെയ്തു.
തുടര്‍ന്ന് പേരാമ്പ്ര-വടകര റൂട്ടിലെ നോവ ബസിലെ വളയം പിടിച്ച് ബസ് ഡ്രൈവറില്‍ തുടക്കം കുറിച്ചു. ഇപ്പോള്‍ തിരക്കുള്ള കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ അഞ്ചുദിവസമായി സാഗര ബസ് ഓടിക്കുകയാണ് ഈ മിടുക്കി. തിരക്കിലൂടെ തട്ടാതെ മുട്ടാതെ സമയത്തിന് ഓടിയെത്തുന്ന വനിതാ ഡ്രൈവര്‍ ‘മാസാ’ണെന്ന് പറയുകയാണ് മറ്റ് പുരുഷ ഡ്രൈവര്‍മാരും.
നേരത്തെ ഡ്രൈവറായിരുന്ന അച്ഛന് മുരളീധരന്റെ അതേപാത പിന്തുടര്ന്നാണ് അനുഗ്രഹയും ഈ മേഖലയിലേക്കു വരുന്നത്. കുടുംബപരമായി മുത്തച്ഛനും മാമ്മനും എല്ലാം ഡ്രൈവര്‍മാരാണ്. ഇപ്പോള്‍ നാട്ടുകാരുടെ പ്രിയ ഡ്രൈവറാണ് ഈ പെണ്‍കുട്ടി. ലോജിസ്റ്റിക്കില്‍ ബിരുദാനന്തര ബിരുദധാരിയാണ് അനുഗ്രഹ. കുടുംബത്തിന്റെ പിന്തുണയാണ് മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനമെന്ന് അനുഗ്രഹ പറഞ്ഞു.
Discussion about this post