മുളന്തുരുത്തി: ഉറ്റവർ പോലും കൈവെടിഞ്ഞ ഒരു മനുഷ്യന് വേണ്ടി നന്മ ചെയ്യാൻ മതത്തിന്റെ വേലിക്കെട്ടുകൾ തടസമാകില്ലെന്ന് തെളിയിച്ച് ഈ വൈദികന്റെ പ്രവർത്തി. ബന്ധുക്കളാരും വരാനില്ലാതെ കെയർ ഹോമിൽ വെച്ച് അവസാന നാളുകൾ പിന്നിട്ട ശ്രീധരൻ എന്നയാളുടെ ചിതയ്ക്ക് തീകൊളുത്തിയത് വൈദികനായ അനിൽ മൂക്കനോട്ടിൽ.
ഒരു മകന്റെ സ്ഥാനത്ത് നിന്ന് അനിലച്ചൻ ചടങ്ങുകൾ ചെയ്ത് ചിതയൊരുക്കുകയായിരുന്നു. കഴിഞ്ഞ 17നാണ് പൈനുങ്കൽപ്പാറ ബത്ലഹം ജറിയാട്രിക് കെയർഹോം അന്തേവാസി ശ്രീധരന്(82) വേണ്ടി യാക്കോബായ സഭാ വൈദികനും കെയർ ഹോം മാനേജിങ് ട്രസ്റ്റിയുമായ ഫാ. അനിൽ മൂക്കനോട്ടിൽ ചിതയൊരുക്കിയത്.
ആചാര പ്രകാരം ചടങ്ങുകളെല്ലാം നടത്തിയ ശേഷം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിലാണ് ശ്രീധരന്റെ സംസ്‌കാരം നടന്നത്. ആലപ്പുഴ മെഡിക്കൽ കോളജിൽ ആരോരുമില്ലാതെ അവശനിലയിൽ കഴിഞ്ഞിരുന്ന ശ്രീധരനെ അമ്പലപ്പുഴ പോലീസിന്റെ ശുപാർശയെ തുടർന്നാണ് മേയ് 24ന് കെയർ ഹോമിൽ എത്തിച്ചത്.
രോഗം മൂർച്ഛിച്ചതിനെ തുടർന്നു മരിച്ച ശ്രീധരന്റെ ഉറ്റവരെ കണ്ടെത്താൻ 5 ദിവസത്തോളം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണു ഫാ. അനിൽ സ്വന്തം നിലയിൽ സംസ്‌കാരം നടത്താൻ തീരുമാനിച്ചത്.
മുളന്തുരുത്തി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ഏറ്റെടുത്ത ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകൾ.