ഇത് ഒരു അമ്മയുടെ കരുതല്‍! കൈക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് ചോറ് വാരികൊടുത്ത് സുമതിചേച്ചി; അഭിനന്ദനവുമായി മന്ത്രി, വൈറല്‍ വീഡിയോ

മലപ്പുറം രാമപുരത്തെ മലബാര്‍ മക്കാനി എന്ന കുടുംബശ്രീ കാന്റീനിലെ സുമതിയെന്ന കുടുംബശ്രീ പ്രവര്‍ത്തകയാണ് വിദ്യാര്‍ത്ഥിക്ക് ചോറ് വാരിക്കൊടുത്തത്.

മലപ്പുറം: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒന്നാകെ വൈറലായ ഒരു വീഡിയോ ആണ് കൈക്ക് പരിക്കേറ്റ കേളേജ് വിദ്യാര്‍ത്ഥിക്ക് സ്‌നേഹത്തോടെ ഭക്ഷണം വാരിക്കൊടുക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകയുടേത്. മലപ്പുറം രാമപുരത്തെ മലബാര്‍ മക്കാനി എന്ന കുടുംബശ്രീ കാന്റീനിലെ സുമതിയെന്ന കുടുംബശ്രീ പ്രവര്‍ത്തകയാണ് വിദ്യാര്‍ത്ഥിക്ക് ചോറ് വാരിക്കൊടുത്തത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തതും അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തെത്തിയതും. ഇപ്പോഴിതാ, മന്ത്രി എംബി രാജേഷ് കുടുംബശ്രീ പ്രവര്‍ത്തകയായ സുമതിയെ പ്രശംസിച്ച് രംഗത്തെത്തി.

മന്ത്രി എംബി രാജേഷ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്…

‘ഈ അമ്മ സ്‌നേഹത്തിന്റെ പേരാണ് കുടുബശ്രീ. മലപ്പുറം രാമപുരം മലബാര്‍ മക്കാനി കുടുംബശ്രീ കാന്റീനില്‍ ഉച്ചഭക്ഷണത്തിന് വന്ന കോളേജ് വിദ്യാര്‍ഥികളില്‍ ഒരാള്‍, കൈക്ക് പരിക്ക് പറ്റിയതിനാല്‍ ഭക്ഷണം കഴിക്കാന്‍ ഒരു സ്പൂണ്‍ ചോദിച്ചു. സ്പൂണുമായി വന്ന കുടുബശ്രീ പ്രവര്‍ത്തക സുമതിചേച്ചി, കൈ ഒടിഞ്ഞ ബാസിലിന് ഭക്ഷണം മുഴുവന്‍ വാരി കൊടുത്തു. സ്വന്തത്തിന്റെയും ബന്ധത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പ് ലംഘിക്കുന്ന ഈ അമ്മസ്‌നേഹത്തിന്റെ പേരാണ് കുടുംബശ്രീ. ഇതാണ് കുടുംബശ്രീ, ഇതാണ് റിയല്‍ കേരളാ സ്റ്റോറി. സുമതിചേച്ചിക്ക് സ്‌നേഹം, അഭിനന്ദനങ്ങള്‍’ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കാന്റീനില്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയതാണ് കൈക്ക് പരിക്കേറ്റ വിദ്യാര്‍ഥി ബാസില്‍. വലതുകൈക്കായിരുന്നു പരിക്ക്. ഭക്ഷണം കഴിയ്ക്കാന്‍ ബാസില്‍ സ്പൂണ്‍ ചോദിച്ചു. ഇടതുകൈകൊണ്ട് സ്പൂണ്‍ ഉപയോഗിച്ച് ഭക്ഷണം കഴിയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് കണ്ടപ്പോള്‍ ചോറ് വാരിക്കൊടുക്കുകയായിരുന്നു സുമതി. ഇത് കണ്ട് നിന്ന ആരോ വീഡിയോ എടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ വീഡിയോ വൈറലായി.

Exit mobile version