മൈസൂരു: മൈസൂരിലേക്ക് യാത്ര ചെയ്യവെ മൈസൂരു നഞ്ചന്‍ഗുഡില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. അപകടത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം. ഞായറാഴ്ച രാത്രി 11 മണിയോടെ നഞ്ചന്‍ഗോഡ്-ഗുണ്ടല്‍പേട്ട് റോഡിലെ ഹൊസഹള്ളി ഗേറ്റിന് സമീപത്തായിരുന്നു അപകടം.
അപകടത്തില്‍ വണ്ടൂര്‍ വാണിയമ്പലം സ്വദേശികളായ പള്ളിയാളി മമ്മുണ്ണിയുടെ മകന് അബ്ദുള്‍ നാസര്‍ (46), നാസറിന്റെ മകന് നഹാസ് (14) എന്നിവരാണ് മരിച്ചത്. നാസറിന്റെ മൂത്ത മകന് നവാഫിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
മൃതദേഹങ്ങള്‍ നഞ്ചന്‍ഗുഡ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. വാണിയമ്പലത്തില്‍ നിന്നും ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് നാസറും കുടുംബവും മൈസൂരുവിലേക്ക് യാത്ര പോയത്. എട്ട് പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സജ്നയാണ് അബ്ദുള്‍ നാസറിന്റെ ഭാര്യ. മകള്‍: നിയ ഫാത്തിമ.
Discussion about this post