ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിലേതെന്ന് പോലീസ്; രണ്ട് ഡോക്ടർമാരും നഴ്‌സുമാരും കുറ്റക്കാർ; സത്യം എന്നായാലും പുറത്തുവരും എന്ന് ഹർഷിന

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രിക കാരണം അഞ്ച് വർഷം ദുരിതമനുഭവിച്ച ഹർഷിന എന്ന യുവതിക്ക് നീതി വഴിയൊരുങ്ങി. പന്തീരാങ്കാവ് മണക്കടവ് മലയിൽക്കുളങ്ങര കെകെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരെന്ന് പോലീസ് റിപ്പോർട്ട്. കൂടാതെ, ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിലേതു തന്നെയെന്നും പോലീസ് കണ്ടെത്തി.

ജില്ലാതല ആരോഗ്യവകുപ്പ് അധികൃതർക്ക് പോലീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിലേതു തന്നെയാണെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.

ഹർഷിനയുടെ ആദ്യത്തെയും രണ്ടാമത്തെയും പ്രസവശസ്ത്രക്രിയ താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിലായിരുന്നു. 2017 നവംബർ 30-ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂന്നാമത്തെ പ്രസവശസ്ത്രക്രിയയ്ക്കെത്തിയത്. ഇതിന് ശേഷം അഞ്ചു വർഷമാണ് ഹർഷിന കഠിനമായ വേദന അനുഭവിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് വയറ്റിൽ കുടുങ്ങിയ കത്രിക കണ്ടെത്തിയത്.

അതേസമയം, സത്യം എത്ര മൂടിവെച്ചാലും പുറത്തുവരുമെന്നതിന്റെ തെളിവാണിതെന്ന് ഹർഷിന പ്രതികരിച്ചു. അഞ്ചുവർഷം അനുഭവിച്ച കഷ്ടപ്പാടിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും പൂർണമായും നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്നുമാണ് ഹർഷിന പറഞ്ഞത്.

ALSO READ- പണം കടം കൊടുത്തത് തിരികെ ചോദിച്ചു; ഗൃഹനാഥനെയും മകനെയും ആക്രമിച്ച സംഭവത്തില്‍ കൗമാരക്കാര്‍ അറസ്റ്റില്‍

‘എന്റെ പരാതി നൂറു ശതമാനവും സത്യമാണെന്ന് ഉറപ്പുള്ളതു കൊണ്ടാണല്ലോ ഇത്രയും വലിയ ഒരു പോരാട്ടത്തിന് ഞാൻ ഇറങ്ങിത്തിരിച്ചത്. സത്യം എത്ര മൂടിവെച്ചാലും അത് ഒടുവിൽ പുറത്തുവരുമെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണിത്. ഒരാളുടെ അശ്രദ്ധ കൊണ്ട് അഞ്ചു വർഷമാണ് ഞാൻ വേദന അനുഭവിച്ചത്. ഇനിയൊരാൾക്കും ഇതു പോലൊരും ദുരവസ്ഥ ഉണ്ടായിക്കൂടാ.പൂർണമായും നീതി കിട്ടുന്നതുവരെ സമരവുമായി മുന്നോട്ട് പോകും’- ഹർഷിന വ്യക്തമാക്കി.

ALSO READ- ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു; ആദിവാസി യുവതിയെ റോഡില്‍ എത്തിച്ചത് 4 കിലോമീറ്റര്‍ സ്ട്രക്ച്ചറില്‍ ചുമന്ന്

എവിടെനിന്നാണ് കത്രിക കുടുങ്ങിയതെന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് നടപടി എടുക്കാത്തതെന്നാണ് ഇത്രയുംനാൾ പറഞ്ഞതിരുന്നത്. കുറ്റക്കാർക്കെതിരെ നടപടി എടുക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ഹർഷിന പറഞ്ഞു. അഞ്ചുവർഷം അനുഭവിച്ച വേദനയ്ക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം തന്നേ മതിയാകൂ. ഞാൻ അനുഭവിച്ചതിന് എത്ര തന്നാലും മതിയാവില്ല. സാമ്പത്തികമായി ഒരുപാട് ബാധ്യതകളാണ് ഈ ഒറ്റ കാര്യംകൊണ്ട് ഉണ്ടായത്. തുടർനടപടി കാത്തിരിക്കുകയാണ്. നീതി കിട്ടുന്നതുവരെ പോരാടും, ഹർഷിന വ്യക്തമാക്കി.

Exit mobile version