പത്തനംതിട്ട: ബീവറേജ് കോർപ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ പത്തനംതിട്ടയിൽ ബീവറേജസ് കോർപറേഷൻ മദ്യം ആടി സെയിൽ ഓഫറിട്ട് വിൽപ്പന നടത്തിയത് വിവാദമാകുന്നു. കെട്ടിക്കിടന്ന മദ്യം വിറ്റഴിക്കാനായി വിലകുറച്ച് ആടിസെയിൽ വിൽപ്പനയായി നടത്തുകയായിരുന്നു എന്നാണ് വിവരം.
മദ്യത്തിനു വിലകുറച്ച് വിൽപ്പന നടത്തിയപ്പോൾ റെക്കോർഡ് വിൽപ്പനയും നടന്നിട്ടുണ്ട്. കമ്പനി അധികൃതർ ആവശ്യപ്പെട്ടത് പ്രകാരം വിലകുറച്ച് വിൽപ്പന നടത്തുകയായിരുന്നെന്നാണ് പത്തനംതിട്ട ബീവറേജസ് ജീവനക്കാർ പ്രതകരിച്ചത്.
വിസ്‌കി, റം, വോഡ്ക, ബ്രാൻഡി ഉൾപ്പെടെയുള്ള ആറ് ബ്രാൻഡ് മദ്യമാണ് വിറ്റഴിച്ചത്. 1020 രൂപ വിലയുള്ള 6 ബുള്ളറ്റ് വിസ്‌കി (750 മില്ലി) 420 രൂപയ്ക്കാണ് വിറ്റത്. 1080 രൂപ വിലമതിക്കുന്ന മുരാനോ റമ്മിന് (750 മില്ലി)യ്ക്ക് 400 രൂപയായിരുന്നു ഓഫർ വില. 1080 രൂപ വിലയുള്ള റെഡ്ബ്ലിസ് വോഡ്ക (750 മില്ലി) യ്ക്ക് 400 രൂപ മാത്രമായിരുന്നു ഈടാക്കിയത്. 1080 രൂപ വിലയുള്ള ലിങ്കൻ ബ്രാണ്ടി (750 മില്ലി) 400 രൂപയ്ക്കാണ് വിറ്റത്. റാക്ക്ഡോവ് ബ്രാണ്ടി (750 മില്ലി)യുടെ യഥാർഥ വില 1240 രൂപയാണെങ്കിലും ഓഫർ വില നാനൂറു രൂപയായിരുന്നു.
അതേസമയം, ഉന്നതങ്ങളിൽ നിന്നും നിർദ്ദേശമില്ലാതെ മദ്യത്തിനു ആടിസെയിൽ പ്രഖ്യാപിച്ച് സ്വയം വിൽപ്പന നടത്തിയത് ബീവറേജസ് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ നടന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും പത്തനംതിട്ടയിലെ ബീവറെജസിനു അങ്ങനെ സ്വന്തമായി തീരുമാനം എടുക്കാൻ കഴിയില്ല. അന്വേഷിക്കാൻ ആളെ വിട്ടിട്ടുണ്ടെന്നുമാണ് ഉന്നത ബീവറേജസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
മദ്യത്തിനു ഇങ്ങനെ ഒരു വിൽപ്പന നിങ്ങൾ കേട്ടിട്ടുണ്ടോ? പിന്നെ എങ്ങനെയാണ് അവർ ആ രീതിയിൽ തീരുമാനം എടുക്കുക. അന്വേഷിച്ച് ഈ കാര്യത്തിൽ നടപടി വരുമെന്നാണ് അധികൃതർ പ്രതികരിക്കുന്നത്. കമ്പനികളാണ് മദ്യത്തിന്റെ വില കൂട്ടിയത്. അവർ തന്നെ അവരുടെ ഉത്പന്നത്തിന് വില കുറയ്ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ നഷ്ടം വരുന്നത് കമ്പനിയ്ക്കാണ്. സർക്കാരിനോ ബിവറേജസ് കോർപറേഷനോ നഷ്ടമില്ലെന്നാണ് പത്തനംതിട്ട ബീവറേജസിൽ നിന്നുള്ള പ്രതികരണം.