അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സംസാരിച്ച നടൻ വിനായകന് എതിരെ നടനും എംഎൽഎയുമായ കെബി ഗണേശ് കുമാർ. സംസ്‌കാര ശൂന്യർക്ക് മാത്രമെ ഇത്തരത്തിൽ പറയാനാകൂ. ഇത്തരത്തിലുള്ളവരെ കലാകാരന്മാരുടെ കൂട്ടത്തിൽ പെടുത്താതെ ലഹരിയടിച്ച് റോഡിൽ കിടക്കുന്നവരുടെ കൂട്ടത്തിൽപ്പെടുത്തണണെന്ന് ഗണേശ് കുമാർ പറഞ്ഞു.
വിനായകന്റെ പരാമർശം വളരെ ലജ്ജാകരവും ദൗർഭാഗ്യകരവുമാണ്. ഇത് നാണംകെട്ട ഒരു പരാമർശമാണ്. ഒരാളുടെ നിലവാരം നമുക്ക് മനസ്സിലാകുന്നത് ഇത്തരം വർത്തമാനങ്ങളിലൂടെയാണ്. ഉമ്മൻചാണ്ടിയെപ്പോലെ ഉള്ള പൊതുപ്രവർത്തകനെക്കൊണ്ട് പാവങ്ങൾക്ക് പല ഗുണങ്ങളുമുണ്ട്. അദ്ദേഹത്തെക്കുറിച്ച് സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാൾക്ക് പറയാൻ യാതൊരു യോഗ്യതയും അർഹതയുമില്ലെന്നും ഗണേശ് കുമാർ പറഞ്ഞു.
സംസ്‌കാരശൂന്യനായ ഒരാളെക്കൊണ്ടേ ഇത്തരത്തിൽ പെരുമാറാൻ കഴിയൂ. ഉമ്മൻ ചാണ്ടി സാറിന്റെ കുടുംബത്തിന് പരാതിയുണ്ടോ എന്നതല്ല വിഷയം. ഇത്തരം സംസ്‌കാര ശൂന്യർക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കണം. അല്ലെങ്കിൽ കോടതി ഇടപെട്ട് കേസെടുക്കണമെന്നും താരം പറഞ്ഞു.
സുകുമാർ അഴിക്കോടിനെപോലെയുള്ള സാംസ്‌കാരിക നായകന്മാർ കേരളത്തിൽ ജീവിച്ചിരുന്നിട്ടുണ്ട്. എം.ടി. വാസുദേവൻ നായർ, ടി. പദ്മനാഭൻ തുടങ്ങിയ വലിയ സാഹിത്യ കാരന്മാരും പ്രമുഖരും ജീവിച്ചിക്കുന്ന കേരളത്തിൽ ഇതുപോലെയുള്ള ആളുകളെ സാംസ്‌കാരിക നായകൻ എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്താൻ ആരും ശ്രമിക്കരുത്.
ഇവരെയൊക്കെ ലഹരിയടിച്ച് റോഡിൽ കിടക്കുന്ന ആളുകളുടെ കൂട്ടത്തിൽ ചേർക്കുക. ഇവരെയൊന്നും മാന്യന്മാരുമായി ചേർത്ത് വായിക്കരുതെന്നാണ് ഗണേശ്കുമാർ പറഞ്ഞത്.
നേരത്തെ, ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കെയാണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദ്യം ചെയ്തത്. സംഭവം വലിയ വിവാദമായിരുന്നു.