കോഴിക്കോട്: സംസ്ഥാന ബിജെപിയിൽ വീണ്ടും ചേരി തിരിഞ്ഞ് പോരടിച്ച് നേതാക്കൾ. മുൻനിര നേതാവായ ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ഔദ്യോഗിക പക്ഷം ബിജെപി ദേശീയ നേതൃത്വത്തെ സമീപിച്ചു.പിന്നാലെ സുരേന്ദ്രനുൾപ്പടെ ഔദ്യോഗിക പക്ഷത്തുള്ള നേതാക്കൾക്കെതിരെ പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ് എതിർപക്ഷവും.
പാർട്ടിയേയും പാർട്ടി നേതാക്കളെയും ശോഭാ സുരേന്ദ്രൻ അവഹേളിക്കുന്നെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ പരാതിയിലുള്ളത്. വി മുരളീധരനും കെ സുരേന്ദ്രനും എതിരെ ശോഭാ സുരേന്ദ്രൻ വിമർശനം ഉന്നയിച്ചതാണ് നേതാക്കളെ ദേശീയ നേതൃത്വത്തിന് മുന്നിലേക്ക് പരാതിയുമായി എത്താൻ പ്രേരിപ്പിച്ചത്. ഇത്തരത്തിലുള്ള പ്രസ്താവനകൾ പൊതുസമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നു എന്നും പരാതിയിലുണ്ട്.
ഇതിനിടെ, പരസ്യപ്രസ്താവനകൾ വെച്ചുപൊറുപ്പിക്കില്ലെന്നും പരാതി പാർട്ടി വേദികളിൽ പറയണമെന്നും കഴിഞ്ഞദിവസം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ പറഞ്ഞിരുന്നു. എന്നാൽ ആരാണ് ഈ സുധീർ തനിക്ക് ഒരു സുധീറിനേയും അറിയില്ല എന്നായിരുന്നു ശോഭ സുരേന്ദ്രൻ തിരിച്ചടിച്ചത്.
ഔദ്യഗിക നേതൃത്വവുമായി പിണങ്ങിയ ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാൻ സംസ്ഥാന സംഘടനാ സെക്രട്ടറി കെ സുഭാഷും പ്രകാശ് ജാവദേക്കറും ചർച്ചകൾ നടത്തിവരുന്നതിനിടെയാണ് ശോഭ സുരേന്ദ്രനെതിരെ പരാതിയുമായി ബിജെപി ഔദ്യോഗിക പക്ഷം രംഗത്തെത്തിയത്.
ഇതിനിടെ എതിർപക്ഷവും വെല്ലുവിളിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.ഔദ്യോഗിക വിഭാഗത്തിലെ പല നേതാക്കളുടെയും അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ശ്രോതസ്സും അന്വേഷിക്കണം, കൊടകര കുഴൽപ്പണക്കേസ് പ്രതി ധർമരാജുമായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുള്ള ബന്ധം അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് എതിർപക്ഷം കേന്ദ്ര നേതൃത്വത്തെ സമീപിക്കുന്നത്.
കെ സുരേന്ദ്രൻ ഉൾപ്പടെ ഔദ്യോഗിക വിഭാഗത്തിലുള്ള പല നേതാക്കളും അതിവേഗമാണ് സമ്പന്നരായതെന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഈ നേതാക്കളുടെ ആസ്തി കുത്തനെ കൂടിയെന്നും പരാതിയിലുണ്ട്. ഈ വിഷയത്തിൽ ദേശീയ നേതൃത്വത്തിന്റെ അന്വേഷണം ആവശ്യപ്പെടുകയാണ് ഇവർ.