മലപ്പുറം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 യുവതീ യുവാക്കൾക്ക് വിവാഹത്തിന് സൗജന്യമായി വേദിയൊരുക്കി വേങ്ങൂർ എം.ഇ.എ. എൻജിനീയറിങ് കോളേജിൽ നടന്ന ‘വിദാദ് 2023’. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ പൂർവ വിദ്യാർഥി സംഘനയായ ഓസ്‌ഫോജന-റിയാദ് കമ്മിറ്റിയാണ് 20 ദമ്പതികളുടെ വിവാഹമെന്ന സ്വപ്‌നം സൗജന്യമായി സഫലമാക്കി നൽകിയത്.
ഈ സമൂഹവിവാഹത്തിൽ വെച്ച് മലപ്പുറം ജില്ലയ്ക്കു പുറമെ പാലക്കാട്, വയനാട്, എറണാകുളം, നീലഗിരി ജില്ലകളിൽനിന്നുള്ള യുവതീയുവാക്കളാണ് വിവാഹിതരായത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങ് ഉദ്ഘാടനംചെയ്തു.
വിവാഹത്തിൽ പങ്കെടുത്ത 20 പെൺകുട്ടികൾക്കും 10 പവൻവീതം സ്വർണാഭരണവും വിവാഹവസ്ത്രവും നൽകിയപ്പോൾ വരന് മഹറായി ഒരുപവൻ സ്വർണവും വിവാഹവസ്ത്രങ്ങളുമാണ് നൽകിയത്. രണ്ടായിരംപേർക്ക് ബിരിയാണിയും ഇരുനൂറുപേർക്ക് വിഭവസമൃദ്ധമായ സദ്യയും കമ്മിറ്റി ഒരുക്കിയിരുന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ, ഏലംകുളം ബാപ്പുമുസ്ലിയാർ, പി. അബ്ദുൾ ഹമീദ് എം.എൽ.എ., അഡ്വ. നാലകത്ത് സൂപ്പി, ഷാജി അരിപ്ര, വി. ശശികുമാർ, അബ്ദുസമദ് പൂക്കോട്ടൂർ, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ബഷീർ ഫൈസി ചെരക്കാപ്പറമ്പ്, സുലൈമാൻ ഫൈസി എന്നിവർ പ്രസംഗിച്ചു.
ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെ. ആലിക്കുട്ടിമുസ്ലിയാർ, പി.പി. ഉമ്മർ മുസ്ലിയാർ കൊയ്യോട്, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, നാസർ ഹയ്യ് ശിഹാബ് തങ്ങൾ, വാക്കോട് മൊയ്തീൻകുട്ടി ഫൈസി തുടങ്ങിയവർ നിക്കാഹിന് കാർമികത്വംവഹിച്ചു.
ഹൈന്ദവാചാര ചടങ്ങുകൾക്ക്് മണികണ്ഠശർമ പൂജാരി നേതൃത്വംനൽകി. സഫ മക്ക റിയാദ്, ശിഫ അൽ-ജസീറ യു.എ.ഇ. എന്നീ സ്ഥാപനങ്ങളുടെ സഹായമാണ് വിവാഹത്തിനുള്ള സാമ്പത്തികാവശ്യങ്ങൾ നിറവേറ്റിയത്.