‘വാഹനങ്ങള്‍ അമിതവേഗത്തില്‍ പോകുന്നു’; സ്‌കൂളിന് മുന്നില്‍ പോലീസുകാരെ നിര്‍ത്താമോ? കത്തയച്ച് നാലാംക്ലാസുകാരി, നടപടിയുമായി മന്ത്രി

വട്ടോളി ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ 4 ബി-യില്‍ പഠിക്കുന്ന ശിവാനി.ആര്‍. എന്ന വിദ്യാര്‍ത്ഥിയാണ് സ്‌കൂളിന് മുന്നിലെ ഗതാഗത പ്രതിസന്ധി ചൂണ്ടിക്കാണിച്ച് മന്ത്രിക്ക് കത്തയച്ചത്.

കോഴിക്കോട്: സ്‌കൂളിന് മുന്നിലൂടെ വാഹനങ്ങള്‍ അതിവേഗതയില്‍ പോകുന്നത് കാരണം റോഡ് മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ടാണ് കാണിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് ശിവാനി എന്ന കൊച്ചു മിടുക്കി. വട്ടോളി ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ 4 ബി-യില്‍ പഠിക്കുന്ന ശിവാനി.ആര്‍. എന്ന വിദ്യാര്‍ത്ഥിയാണ് സ്‌കൂളിന് മുന്നിലെ ഗതാഗത പ്രതിസന്ധി ചൂണ്ടിക്കാണിച്ച് മന്ത്രിക്ക് കത്തയച്ചത്.

ശിവാനി അയച്ച കത്തില്‍ ഉടനടി നടപടിയെടുത്തുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂളിന്റെ മുന്നിലെ റോഡ് മുറിച്ചുകടക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും വണ്ടികളൊക്കെ വളരെ വേഗത്തിലാണ് പോകുന്നതെന്നും കത്തില്‍ പറയുന്നു. സ്‌കൂളിന്റെ മുന്നിലുള്ള സീബ്രാ ലൈനിന്റെ അടുത്തുപോലും വേഗത കുറക്കില്ലെന്നും ശിവാനി മന്ത്രിയെ അറിയിച്ചു.

രാവിലെയും വൈകിട്ടും സ്‌കൂള്‍ സമയത്ത് ഇതിലെ പോകുന്ന വാഹനങ്ങളുടെ വേഗത കുറക്കാന്‍ എന്തെങ്കിലും ചെയ്യാമോ എന്നും ഇവിടെ പോലീസുകാരെ നിര്‍ത്താമോ എന്നും കത്തില്‍ ശിവാനി അഭ്യര്‍ത്ഥിച്ചു.

മന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

”വട്ടോളി ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ 4 ബി-യില്‍ പഠിക്കുന്ന ശിവാനി.ആര്‍. അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ നടപടി ഉണ്ടായിട്ടുണ്ട്. എനിക്ക് അയച്ച കത്ത് ഞാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയിരുന്നു. ശിവാനിയുടെ സ്‌കൂളിനു മുന്നില്‍ സ്‌കൂള്‍ സമയത്ത് റോഡ് മുറിച്ചു കടക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിന്റെ സേവനം ലഭ്യമാക്കി എന്നറിയിച്ചുകൊണ്ട് കോഴിക്കോട് റൂറല്‍ ഡി.വൈ.എസ്.പി. ശിവാനിക്ക് കത്ത് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്ന മികച്ച മാതൃകയാണ് ശിവാനിയുടേത്. അഭിനന്ദനങ്ങള്‍.” മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.

Exit mobile version