തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം തിരുവനന്തപുരം കെപിസിസി ഓഫീസിലെ ഇന്ദിരാഭവനിൽ പൊതുദർശനത്തിന് എത്തിച്ചപ്പോൾ ഉണ്ടായ തിരക്കിനിടെ മോഷണം. ഈ സമയത്ത് തടിച്ചുകൂടിയ ആളുകളിൽ പലരുടെയും പഴ്സ് നഷ്ടപ്പെട്ടതായി പരാതി. നിരവധി പേരുടെ പഴ്സുകൾ കാണാതായതായി പരാതിയുണ്ട്. പലതും പരിസരത്ത് തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
പതിനഞ്ചോളം പഴ്സുകൾ ഇത്തരത്തിൽ പണമൊഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്ദിരാ ഭവനു പുറത്തുനിന്ന് കിട്ടിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം ആൾക്കൂട്ടത്തിൽ പഴ്സ് നഷ്ടപ്പെട്ടെന്നറിയിച്ച് മുഹമ്മദ് സഫർ എന്നയാൾ മ്യൂസിയം പോലീസ് സ്റ്റേഷനിലടക്കം പരാതി നൽകിയതോടെയാണ് മോഷണം തന്നെയെന്ന് അന്വേഷണത്തിൽ തെളിഞ്ഞത്.
വീണുകിട്ടിയ നിലയിൽ പത്തോളം പഴ്സുകൾ സ്റ്റേഷനിലും ലഭിച്ചിരുന്നെങ്കിലും അവയിലൊന്നും പണമുണ്ടായിരുന്നില്ല. കെപിസിസി ഓഫീസിന്റെ പരിസര പ്രദേശങ്ങളിൽനിന്ന് കിട്ടിയ പഴ്സുകളിലും പണമുണ്ടായിരുന്നില്ല. ഈ പഴ്സുകളിൽ തിരിച്ചറിയൽ കാർഡടക്കമുള്ള രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് വിവരം.
കെപിസിസി ഓഫീസിനു പരിസരത്തെ ഹോട്ടലുകളിലും ഉപേക്ഷിക്കപ്പെട്ട പഴ്സുകൾ ലഭിച്ചിരുന്നു. പലരും ആൾക്കൂട്ടത്തിൽ നഷ്ടപ്പെട്ടതാണെന്നു കരുതി പരാതി നൽകാത്തതാണെന്നാണ് കണക്കുകൂട്ടൽ. അതേസമയം, ഇത് കൂട്ടമായ മോഷണമാണോ ഒരാൾ തന്നെ ചെയ്തതാണോ എന്ന് വ്യക്തമല്ല. കവർച്ച ചെയ്തയാളെ കണ്ടെത്താനായിട്ടില്ല.
Discussion about this post