തലശ്ശേരി: വൈകീട്ട് സ്‌കൂളിൽ നിന്നും കുഞ്ഞുങ്ങളെ വീട്ടിലേക്ക് എത്തിക്കുന്നതിനിടെയാണ് ഡ്രൈവിങ് സീറ്റിലിരുന്ന നിക്‌സൻ ജെയിംസിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. നെഞ്ചുവേദനകൊണ്ടു പുളഞ്ഞപ്പോഴും നിക്‌സൻ മനസാന്നിധ്യം കൈവിടാതെ കുഞ്ഞുങ്ങളെ സുരക്ഷിതരാക്കുന്നതിനെ കുറിച്ചാണ് ചിന്തിച്ചത്. പുറകിലിരുന്ന വിദ്യാർത്ഥികൾക്ക് ഒരു പോറൽ പോലും ഏൽപ്പിക്കാൻ സമ്മതിക്കാതെയുള്ള നിക്‌സന്റെ വിയോഗം നാടിനേയും ദുഃഖത്തിലാഴ്ത്തി.
തലശ്ശേരി നഗരത്തിൽ ഗോപാൽപേട്ടയിൽ ഇന്നലെ വൈകിട്ടായിരുന്നു ഈ ദാരുണമായ സംഭവം. വാഹനമോടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ചാണ് ഓട്ടോ ടാക്‌സി ഡ്രൈവർ ഗോപാൽപേട്ട സിപി ഹൗസിൽ നിക്‌സൻ ജയിംസ് (52) മരിച്ചത്.
തലശ്ശേരി സാൻജോസ് സ്‌കൂളിലെ വിദ്യാർഥികളെ പതിവുപോലെ വീടുകളിലെത്തിക്കാനുള്ള ഓട്ടത്തിലായിരുന്നു നിക്‌സൻ. വൈകിട്ടു 4.20ന് ഗോപാൽപേട്ട ഭാഗത്ത് എത്തിയപ്പോൾ നിക്‌സന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ഹോൺ മുഴക്കി, ഓട്ടോ നിർത്താൻ ശ്രമിക്കുകയായിരുന്നു. സമീപത്തെ മതിലിൽ ഇടിച്ചുനിർത്തിയാണ് നിക്‌സൻ ഡ്രൈവിങ് സീറ്റിൽ കുഴഞ്ഞുവീണത്.
ഈ സമയത്തും ഹോൺ മുഴങ്ങിയിരുന്നു. ഓട്ടോയിൽ നിന്നു നിർത്താതെ ശബ്ദം മുഴങ്ങുന്നതും കേട്ട് സമീപത്തെ വീടുകളിൽനിന്ന് ആളുകൾ ഓടിയെത്തിയപ്പോഴാണ് ഡ്രൈവർ സ്റ്റിയറിങ്ങിനിടയിൽ കുടുങ്ങി അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ചാലിൽ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ നടന്നു. ഭാര്യ: രേഷ്മ സുന്ദരൻ (അധ്യാപിക). മകൻ: ഓൾവിൻ നിക്‌സൺ.