മധ്യപ്രദേശ്: ഭാര്യയ്ക്ക് കൊടുക്കാനുള്ള ജീവനാംശം നാണയങ്ങളായി ചാക്കിലാക്കി നല്കി ഭര്‍ത്താവ്. മധ്യപ്രദേശിലാണ് സംഭവം. കോടതി വിധിപ്രകാരം കുടിശ്ശികയടക്കം 40,000 രൂപയോളം ആയിരുന്നു ഭര്‍ത്താവ് ഭാര്യയ്ക്ക് നല്കാന് ഉണ്ടായിരുന്ന ജീവനാംശം. കോടതി ഉത്തരവായതോടെ ഈ തുക ഭാര്‍ത്താവില്‍ നിന്നും വാങ്ങി ഭാര്യയ്ക്ക് നല്‍കേണ്ട ഉത്തരവാദിത്വം പോലീസിന്റേതായി. ഒടുവില്‍ ഇയാള്‍ പണം നല്കാന് സമ്മതിച്ചു.
തുടര്‍ന്ന് ഇയാള്‍ ജീവനാംശമായി തുക പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. അതിലാകട്ടെ ഇരുപതിനായിരം രൂപയുടെ നാണയങ്ങളാണ് രണ്ട് ചാക്കുകളിലായി ഇയാള്‍ കൊണ്ടുവന്നത്. കൂടാതെ 10,000 രൂപയുടെ പത്ത് രൂപ നോട്ടുകളും. ഭര്‍ത്താവിന്റെ ഈ പ്രവര്‍ത്തിയില്‍ പണി കിട്ടിയത് പോലീസുകാര്‍ക്കാണ് എന്ന് തന്നെ പറയാം. കാരണം പൈസ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി ഭാര്യയ്ക്ക് നല്‍കേണ്ട ഉത്തരവാദിത്വം പോലീസിന്റേതാണ്.
ഒടുവില്‍ മണിക്കൂറുകള്‍ എടുത്ത് പോലീസ് നാണയത്തുട്ടുകള്‍ എണ്ണി തീര്‍ത്തു. ഗ്വാളിയോറില്‍ ബേക്കറി നടത്തിപ്പുകാരനായ വ്യക്തിയും ഭാര്യയും തമ്മിലുള്ള കലഹം കോടതിയില്‍ എത്തിയതോടെയാണ് ഇരുവര്‍ക്കും പിരിയാന്‍ കോടതി അനുവാദം നല്‍കിയത്. എല്ലാ മാസവും ജീവനാംശമായി ഭാര്യക്ക് 5,000 രൂപ വീതം നല്‍കണമെന്നും ബേക്കറി ഉടമയോട് കോടതി ഉത്തരവിട്ടു.
എന്നാല്‍ അതിന് വഴങ്ങാതിരുന്ന അയാള്‍ എട്ട് മാസത്തോളം ഭാര്യയ്ക്ക് ജീവനാംശം നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഭാര്യ വീണ്ടും കോടതിയെ സമീപിച്ചു. പിന്നീട് ഇയാളില്‍ നിന്നും കുടിശ്ശികത്തുക അടക്കം വാങ്ങി ഭാര്യക്ക്ക്ക് നല്കാന് ഗ്വാളിയോര്‍ പോലീസിനോട് കോടതി ഉത്തരവിട്ടു. പോലീസിന്റെ സമ്മര്‍ദ്ദ പ്രകാരം ഇയാള്‍ പണവുമായി സ്റ്റേഷനില്‍ എത്തിയെങ്കിലും കൊണ്ടുവന്ന തുക മുഴുവന്‍ നാണയത്തുട്ടുകളും പത്ത് രൂപ നോട്ടുകളുമായിരുന്നു. നല്ലൊരു പണി കിട്ടിയ പോലീസ് പണം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം തുക ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചു.
Discussion about this post