ബസില്‍ ഛര്‍ദ്ദിച്ചു, കഴുകിയിട്ട് പോയാല്‍ മതിയെന്ന് ഡ്രൈവര്‍; പെണ്‍കുട്ടിയുടെ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ജോലി തെറിച്ചു

നെയ്യാറ്റിന്‍കര ഡിപ്പോയിലെ ആര്‍എന്‍സി 105 ാം നമ്പര്‍ ചെമ്പൂര്‍ വെള്ളറട ബസ്സിലെ ഡ്രൈവര്‍ എസ്എന്‍ ഷിജിയെയാണ് സംഭവത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും മാറ്റിയത്.

തിരുവനന്തപുരം: ബസ് യാത്രയ്ക്കിടയില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഛര്‍ദ്ദിച്ച പെണ്‍കുട്ടിയേയും സഹോദരിയേയും തടഞ്ഞ് വെച്ച് കഴുകിച്ച സംഭവത്തില്‍ താത്കാലിക ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ആര്‍എന്‍സി 105 ാം നമ്പര്‍ ചെമ്പൂര്‍ വെള്ളറട ബസ്സിലെ ഡ്രൈവര്‍ എസ്എന്‍ ഷിജിയെയാണ് സംഭവത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും മാറ്റിയത്.

വെള്ളറട കെ.എസ്. ആര്‍.ടി.സി ഡിപ്പോയില്‍ വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ആണ് സംഭവം. ബസില്‍ ഛര്‍ദ്ദിച്ചതിന്റെ പേരില്‍ ഡ്രൈവര്‍ പെണ്‍കുട്ടിയേയും സഹോദരിയേയും തടഞ്ഞുവെച്ച് ബസിനുള്‍വശം കഴുകിക്കുകയായിരുന്നു.

സഹോദരിക്കൊപ്പം ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്ന നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ബസ്സിനുള്ളില്‍ ഛര്‍ദ്ദിക്കുകയായിരുന്നു. ബസ് വെള്ളറട ഡിപ്പോയിലെത്തി പെണ്‍കുട്ടു ഇറങ്ങാന്‍ തുടങ്ങവെയാണ് വണ്ടി കഴുകിയിട്ട് പോയാല്‍ മതിയെന്ന് ഡ്രൈവര്‍ നിര്‍ബന്ധം പിടിച്ചത്.

തുടര്‍ന്ന് അവശനിലയില്‍ ആയിരുന്ന പെണ്‍കുട്ടിയും സഹോദരിയും ഡിപ്പോയിലെ വാഷ് ബേസിനില്‍ നിന്ന് കപ്പില്‍ വെള്ളം എടുത്ത് ബസ് കഴുകി വൃത്തിയാക്കി. ഇതിന് ശേഷം ആണ് ഇവരെ ഡ്രൈവര്‍ പോകാന്‍ അനുവദിച്ചത്. ബസ് വൃത്തിയാക്കാന്‍ ഡിആര്‍എല്‍ സ്റ്റാഫ് ഉള്ളപ്പോഴാണു പെണ്‍കുട്ടികളെ കൊണ്ട് ഡ്രൈവര്‍ ബസ്സ് കഴുകിപ്പിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടികള്‍ ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഡ്രൈവറെ ജോലിയില്‍ നിന്നും നീക്കിയത്.

Exit mobile version