കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ സിനിമാതാരം വിനായകന് എറണാകുളം നോര്‍ത്ത് പോലീസ് ഇന്ന് നോട്ടീസ് നല്‍കും. 7 ദിവസത്തിനുള്ളില്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് ആവശ്യം. ഇന്നലെ വിനാകനോട് പോലീസ് സ്‌റ്റേഷനില്‍ ഹാജറാകാന്‍ ആവശ്യപ്പെട്ടിട്ടും വിനായകന്‍ ഹാജറായില്ല. തുടര്‍ന്നാണ് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. നോട്ടീസ് നേരിട്ട് നല്‍കാനാണ് ശ്രമം.
അതേസമയം, വിനായകന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് പോലീസ് അറിയിച്ചു. കലാപ ആഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുള്ള വകുപ്പുകള്‍ പ്രകാരമാണ് വിനായകനെതിരെ കേസ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസാണ് കഴിഞ്ഞ ദിവസം വിനായകനെതിരെ കേസെടുത്തത്. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്’ എന്നൊക്കെയായിരുന്നു വിനായകന്റെ അധിക്ഷേപം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സിനിമാ താരങ്ങളടക്കം നിരവധി പേരാണ് വിനായകനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.