തിരുവനന്തപുരം: മണക്കാട് ഗവണ്‍മെന്റ് ടി.ടി.ഐ. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഇഷാന്റെ ആഗ്രഹം സാധിച്ചു കൊടുത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. തന്റെ ശസ്ത്രക്രിയയ്ക്ക് മുമ്പായി പൊതു വിദ്യാഭ്യാസ മന്ത്രിയെ ഒന്ന് നേരില്‍ കാണണമെന്നായിരുന്നു ഇഷാന്റെ ആഗ്രഹം. വീട്ടുകാര്‍ കുട്ടിയുടെ ആഗ്രഹം മണക്കാട്ടെ പൊതുപ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് അവര്‍ ഈ വിവരം മന്ത്രിക്ക് കൈമാറി.
പിന്നീട് ഇഷാന്റെ വീട്ടില്‍ നേരിട്ട് എത്താമെന്ന് മന്ത്രി ഉറപ്പും നല്‍കി. വെള്ളിയാഴ്ച രാവിലെ തന്നെ മന്ത്രി ഇഷാനെ കാണാന്‍ എത്തി. നേരത്തെ തന്നെ അറിയിച്ചതിനാല്‍ ഇഷാന്‍ മന്ത്രിയെ കാണാന്‍ കുളിച്ചു ഒരുങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. മന്ത്രി വന്നപ്പോള്‍ ഇഷാന്‍ ആഹ്ലാദത്തോടെ സ്വീകരിച്ചു. എങ്ങനെയാണ് തന്നെ അറിയുക എന്ന് മന്ത്രി ചോദിച്ചു. തെരഞ്ഞെടുപ്പ് സമയം മുതല്‍ അപ്പൂപ്പന്‍ പത്രം വായിക്കുമ്പോള്‍ പറഞ്ഞറിയുമെന്നായിരുന്നു ഇഷാന്റെ മറുപടി.
രോഗത്തെ ഭയക്കേണ്ടതില്ലെന്നും ശസ്ത്രക്രിയയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ആശുപത്രിയില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. താനിപ്പോള്‍ നാലാം ക്ലാസ്സില്‍ ആണെന്നും അഞ്ചാം ക്ലാസിലും മണക്കാട് സ്‌കൂളില്‍ പഠിക്കാന്‍ സ്‌കൂള്‍ മിക്‌സഡ് ആക്കണമെന്നായി ഇഷാന്‍. സ്‌കൂള്‍ അധികൃതരും അധ്യാപക രക്ഷകര്‍തൃ സംഘടനയും തദ്ദേശഭരണ സ്ഥാപനവും ആവശ്യപ്പെട്ടതോടെ ഇക്കാര്യം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. തുടര്‍ന്ന് ശസ്ത്രക്രിയക്ക് ശേഷം താന്‍ ഇഷാനെ കാണാന്‍ വീണ്ടും എത്തുമെന്ന് ഉറപ്പ് നല്‍കിയാണ് മന്ത്രി മടങ്ങിയത്.