തിരുവനന്തപുരം: തീവ്രവാദ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ മോഷണം നടത്തിയ കേസിലെ പ്രതികള്‍ കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതി തയ്യാറാക്കിയതായി എന്‍ഐഎ കണ്ടെത്തല്‍. ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയായിരുന്നു പ്രതികളുടെ ആശയ വിനിമയം. തൃശ്ശൂരില്‍ അറസ്റ്റിലായ മുഖ്യപ്രതി ആഷിഫ് ഉള്‍പ്പെടെ നാല് പേരെ എന്‍ഐഎ ചോദ്യം ചെയ്യുകയാണ്.
ഖത്തറില്‍ ജോലി ചെയ്യുമ്പോഴാണ് കേരളത്തില്‍ ഐഎസ് പ്രവര്‍ത്തനം തുടങ്ങാന്‍ പ്രതികള്‍ തീരുമാനിച്ചത്. പിടിയിലായ ആഷിഫ് ഉള്‍പ്പെടെ മൂന്ന് പേരാണ് കേരളത്തില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തത്. രണ്ട് പേര്‍ ഒളിവിലാണ്. ഇവര്‍ക്കുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
അതേസമയം, ഐഎസില്‍ ചേരാനായി പണം കണ്ടെത്താന്‍ ബാങ്കുള്‍പ്പെടെ കൊള്ളയടിക്കാന്‍ പ്രതികള്‍ ആസൂത്രണം നടത്തിയിരുന്നു. കേരളത്തില്‍ ഐ എസ് പ്രവര്‍ത്തനം തുടങ്ങാന്‍ പണം കണ്ടെത്താന്‍ വേണ്ടിയാണ് പ്രതികള്‍ കവര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ഏപ്രില്‍ 20ന് പാലക്കാട് നിന്നും പ്രതികള്‍ 30 ലക്ഷം കുഴല്‍പ്പണം തട്ടി.
സത്യമംഗലം കാട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് കഴിഞ്ഞ ദിവസം തൃശൂര്‍ സ്വദേശി മതിലകത്ത് കോടയില്‍ ആഷിഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത.് ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഫറൂഖും എന്‍ഐഎയുടെ കസ്റ്റഡിയിലായിട്ടുണ്ട്. ടെലട്രാമില്‍ പെറ്റ് ലവേര്‍സ് എന്ന പേരില്‍ തുടങ്ങിയ ഗ്രൂപ്പിലെ തീവ്ര ആശയങ്ങളുമായി യോജിക്കുന്നവര്‍ രഹസ്യ ചാറ്റ് നടത്തി. സിറിയയിലേക്കും അഫ്ഗാനിലേക്കും പോകാനായിരുന്നു പദ്ധതി.
ഇതിന് പണം സമ്പാദിക്കാന്‍ തൃശൂരിലെ ഒരു ജ്വല്ലറി, സഹകരണസംഘം, ദേശസല്‍കൃത ബാങ്ക് എന്നിവ കവര്‍ച്ച ചെയ്യാന്‍ പദ്ധതി തയ്യാറാക്കി. ഈ പദ്ധതിയെ കുറിച്ച കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്.