തിരുവനന്തപുരം: അന്തരിച്ച മുന്‍ കേരള മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകന്റെ ചിത്രം കത്തിച്ച് പ്രതികരിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക ബിന്ദു ചന്ദ്രന്‍ വി.
വിനായകന്റെ ചിത്രം കത്തിക്കുന്ന വീഡിയോ ബിന്ദു സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇതിനെരെ ഒന്നല്ല ഒന്‍പതിനായിരം കേസ് വന്നാലും സഹിക്കുമെന്നും ജയിലില്‍ കിടക്കാന്‍ തയാറാണെന്നും വിനായകന്റെ ചിത്രം കത്തിച്ചുകൊണ്ട് ബിന്ദു ചന്ദ്രന്‍ പറഞ്ഞു. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത ഉമ്മന്‍ ചാണ്ടിയെപ്പോലൊരാളെ അവഹേളിക്കുമ്പോള്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തില്‍ നിന്നുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നതെന്നും ബിന്ദു ചോദിക്കുന്നു.
ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരെ വിനായകന്‍ സംസാരിച്ചത്. ഉമ്മന്‍ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് വിനായകന്‍ ചോദിക്കുന്നു. ആരാണ് ഈ ഉമ്മന്‍ ചാണ്ടി എന്നും ചോദിച്ച വിനായകന്‍ വിഡിയോയിലൂടെ ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്നതിനേയും വിമര്‍ശിക്കുന്നുണ്ട്.
‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം.” എന്ന് വിനായകന്‍ ചോദിക്കുന്നു.
‘ നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്. നിര്‍ത്ത് ഉമ്മന്‍ചാണ്ടി ചത്തുപോയി’ – വിനായകന്‍ വീഡിയോയില്‍ പറഞ്ഞു. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെ രൂക്ഷവിമര്‍ശനമാണ് നടനെതിരെ ഉയര്‍ന്നത്. ഇതിന് പിന്നാലെ താരം വീഡിയോ പിന്‍വലിച്ചു.