തിരുവനന്തപുരം: മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഏറെ ഞെട്ടലിലാണ് സമൂഹം. മേയ് നാലാം തീയ്യതി നടന്ന സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് രാജ്യമൊട്ടാകെ ഉയരുന്നത്.
സംഭവത്തില്‍ ഇതുവരെ ഒരാളെ മാത്രം ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്..
‘മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു…അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു…ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ’, എന്നാണ് സുരാജ് വെഞ്ഞാറമൂട് കുറിച്ചത്. ഇന്ത്യ ടുഡേയില്‍ വന്ന മണിപ്പൂര്‍ സംഭവത്തിന്റെ വാര്‍ത്തയും സുരാജ് പങ്കുവച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി രംഗത്ത് എത്തി. പുറത്തുവരുന്ന ദൃശ്യങ്ങള്‍ അത്യന്തം വേദനാജനകമാണ്. കുറ്റവാളികളില്‍ ഒരാളെ പോലും വെറുതെ വിടില്ല. മണിപ്പൂരിലെ സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും മോഡി പറഞ്ഞു. വിഷയം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നു. ഹൃദയത്തില്‍ വേദനയും ദേഷ്യവും ഉണ്ടാകുന്നു. നിയമം സര്‍വശക്തിയില്‍ പ്രയോഗിക്കും.
മണിപ്പൂരിലെ പെണ്‍മക്കള്‍ക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കാനാവില്ല. പരിഷ്‌കൃത സമൂഹത്തെ നാണം കെടുത്തുന്ന സംഭവമാണ് മണിപ്പൂരിലുണ്ടായത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.