കൊച്ചി: അന്തരിച്ച മുന്‍ കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തി.
രാഹുല്‍ഗാന്ധിക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളുണ്ട്. കൊച്ചി വിമാനത്താവളത്തിലെത്തിയ സംഘം കോട്ടയത്തേക്കു തിരിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ 4.25ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം. മുന്‍ മന്ത്രി ടി. ജോണിന്റെ ബെംഗളൂരുവിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരത്തില്‍ രാഹുലും സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തില്‍ ഇന്ന് വൈകീട്ട് 3.30നാണ് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. വൈകീട്ട് അഞ്ച് മണിക്കു പള്ളി മുറ്റത്ത് അനുശോചന യോഗവും ചേരും.
Discussion about this post