കോട്ടയം: കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.
കോട്ടയം നഗരത്തിൽ ഉമ്മൻ ചാണ്ടിക്ക് ആദര സൂചകമായി നാളെ കട മുടക്കം ആയിരിക്കുമെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ അറിയിച്ചു. ഹോട്ടലുകളും ബേക്കറികളും മെഡിക്കൽ ഷോപ്പുകളും തുറക്കുമെന്നും മർച്ചന്റ്‌സ് അസോസിയേഷൻ അറിയിച്ചു.
അതേസമയം, ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിച്ചിരുന്നു. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനാണ് ഉമ്മൻചാണ്ടി ആഗ്രഹിച്ചിരുന്നതെന്ന് ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിക്കുകയായിരുന്നു.
ഉമ്മൻചാണ്ടിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതി നൽകണമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ എടുത്തത്. ഇക്കാര്യത്തിൽ കുടുംബത്തിന് വ്യത്യസ്ത അഭിപ്രായം ഉള്ളതിനാൽ ഒരിക്കൽ കൂടി സമ്മതം ആരായാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഇതനുസരിച്ച് കുടുംബാഗങ്ങളുമായി സംസാരിച്ച ശേഷമാണ് ഔദ്യോഗിക ബഹുമതി വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.