കായംകുളം: ആർഎസ്എസ് ബന്ധമുള്ള മയക്കുമരുന്ന് സംഘത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കായംകുളം കൃഷ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സംഭവത്തിൽ സിപിഎം വലിയ രീതിയിലുള്ള പ്രതിഷേധമുയർത്തുകയാണ്. കൊലപാതകത്തിൽ ആർഎസ്എസിന് ബന്ധമുണ്ടെന്നാണ് സിപിഎം ആരോപണം.
കഴിഞ്ഞദിവസം രാത്രിയാണ് അമ്പാടിയെ ക്വട്ടേഷൻ സംഘാംഗങ്ങൾ വെട്ടിക്കൊലപ്പെടുത്തിയത്. ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമായിരുന്നു അമ്പാടി. ഇദ്ദേഹത്തെനാലംഗ ക്രിമിനൽ ക്വട്ടേഷൻ സംഘം നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കാപ്പിൽ കളത്തട്ട് ജംഗ്ഷനിൽ വച്ച്‌നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അമ്പാടിയുടെ കഴുത്തിനും കൈക്കുമാണ് വെട്ടേറ്റത്. കഴുത്തിനേറ്റ വെട്ടാണ് മരണകാരണമായയത്. പുതുപ്പള്ളി പത്തിശേരി കടക്കക്കാവിൽ വേലശേരിൽ സന്തോഷ് -ശകുന്തള ദമ്പതികളുടെ മകനാണ് അമ്പാടി.
മരണപ്പെട്ട അമ്പാടിയുടെ വീട്ടിലെത്തി എംവി ഗോവിന്ദൻ കുടുംബാംഗങ്ങളെ കണ്ടു. അമ്പാടിയുടെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് അദ്ദേഹം പ്രതികരിച്ചു. കായംകുളത്തിന്റെ പരിസരപ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചു നാളുകളായി ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുമ്പോൾ അതിനെതിരെ ശക്തമായ നിലപാട് ഡിവൈഎഫ്‌ഐ കൈകൊണ്ടിരുന്നു. ഈ വൈരാഗ്യമാണ് അമ്പാടിയുടെ ജീവൻ നഷ്ടപ്പെടാൻ ഇടയായത്.
മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ ഇടതടവില്ലാത്ത ജാഗ്രത ഡിവൈഎഫ്‌ഐ തുടരും. മയക്കുമരുന്ന് വിതരണത്തിന് എതിരെ ശക്തമായ പൊതുബോധം രൂപപ്പെടണമെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.
ഡിവൈഎഫ്‌ഐയുടെ സജീവ പ്രവർത്തകനായിരുന്ന അമ്പാടി ഡിവൈഎഫ്‌ഐയുടെ ഹൃദയപൂർവ്വം പദ്ധതിക്കായി പൊതിച്ചോറ് തയാറാക്കുന്ന വീഡിയോ മന്ത്രിമാർ അടക്കം സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവെച്ചത്. വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നവനെയാണ് ഇല്ലാതാക്കിയതെന്നാണ് വി ശിവൻകുട്ടി കുറിച്ചു.