കൊല്ലങ്കോട്: സോഷ്യൽമീഡിയയിൽ വീഡിയോകളും ചിത്രങ്ങളും വൈറലായതോടെ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഗ്രാമത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. പച്ചവിരിച്ച സുന്ദരമായ ഗ്രാമവും നാട്ടിടവഴികളും കാണാനായി എത്തുന്ന സഞ്ചാരികൾ പക്ഷെ ഇപ്പോൾ തലവേദനയാകുന്നുമുണ്ട്.
പലപ്പോഴും മറ്റിടങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികളുടെ സാമൂഹ്യവിരുദ്ധമായ പെരുമാറ്റം കൊല്ലങ്കോടുകാരുടെ ജീവിതത്തെ ബാധിക്കുമോ എന്ന ആശങ്കയാണ് വർധിക്കുന്നത്. ഇത്തരത്തിൽ യാത്രികർ പോലീസിനെ കൈയ്യേറ്റം ചെയ്ത സംഭവമാണ് ചർച്ചയാകുന്നത്. മദ്യലഹരിയിൽ കൊല്ലങ്കോട്ടേക്ക് യാത്ര ചെയ്ത യുവാക്കൾ വാഹനപരിശോധനയ്ക്കിടെ പോലീസിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു.
വാഹനപരിശോധനക്കിടെ കൊല്ലങ്കോട് എസ്‌ഐയെയാണ് ആക്രമിച്ചത്. എസ്‌ഐയെ കൈയേറ്റം ചെയ്യുകയും കൈ പിടിച്ചുതിരിച്ച് ക്ഷതമേൽപ്പിക്കുകയും ചെയ്ത കേസിൽ അഞ്ച് യുവാക്കൾ അറസ്റ്റിലായി. ഇവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു.
തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കൊല്ലങ്കോട് സർക്കാർ ആശുപത്രിക്ക് സമീപത്ത് വെച്ച് കൊല്ലങ്കോട് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ സി ബി മധുവിനെ സംഘം ആക്രമിച്ചത്. പരിക്കേറ്റ എസ്‌ഐ നെന്മാറ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലപ്പുറം കോട്ടയ്ക്കൽ ചങ്കുവെട്ടിയിൽ എം നൗഫൽ (34), മലപ്പുറം മറ്റത്തൂർ മണ്ടാഴിപ്പുറം എച്ച് വാഹിൽ (30), മറ്റത്തൂർ തവയിൽ വീട്ടിൽ എച്ച് ജംസുദ്ദീൻ (29), മറ്റത്തൂർ ഒതുക്കുങ്കൽ കൊട്ടക്കാരൻ വീട്ടിൽ എ അബ്ദുൾറഹിമാൻ (34), മറ്റത്തൂർ ഒതുക്കുങ്കൽ കല്ലംകുത്തിൽ എ ഹാരിസ് (34) എന്നിവരാണ് റിമാൻഡിലായത്.
സംഭവദിവസം പോലീസിന് പിടികൊടുക്കാതെ ഓടിരക്ഷപ്പെട്ട സംഘത്തിലെ മലപ്പുറം സ്വദേശി എം ഫാറൂഖിനു (34) വേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതികൾ കൊല്ലങ്കോട്ടേക്ക് വിനോദയാത്ര വന്നതായിരുന്നു. ഇവർ മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു.