കോട്ടയം: ജനനായകന് ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരു നോക്കുകാണാനുള്ള കാത്തിരിപ്പിലാണ് നാടും നഗരവും. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ശവസംസ്കാരം നടക്കുക.
പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കായി പ്രത്യേക കബറിടം ഒരുക്കും. പള്ളിയില്‍ അടിയന്തര കമ്മിറ്റി യോഗം ചേര്‍ന്നാണു തീരുമാനമെടുത്തത്. പള്ളിമുറ്റത്തു വൈദികരുടെ കബറിടത്തിനു സമീപത്തായാണ് ഉമ്മന്‍ ചാണ്ടിക്കായി കബറിടം ഒരുക്കിയിരിക്കുന്നത്.
അതേസമയം, കലക്ടറുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവുമായി എംസി റോഡിലൂടെ കോട്ടയം തിരുനക്കര മൈതാനത്തേക്ക് വരുന്ന വിലാപയാത്രയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരുക്കങ്ങള്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റു വിവിധ സംഘടനകളും ചേര്‍ന്ന് വഴിയില്‍ ഇരുവശവും ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. വ്യാപാരസ്ഥാപനങ്ങള്‍ക്കു മുന്പില് കറുത്ത കൊടികള്‍ കെട്ടി. പൊലീസ്, അഗ്നിരക്ഷാസേന, ആരോഗ്യവിഭാഗം, മറ്റു വകുപ്പുകള്‍ എന്നിവയെ ഏകോപിപ്പിച്ചുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാണ് വിലാപയാത്ര കടന്നുപോകുന്നത്.
Discussion about this post