ജനനായകനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍! പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞിന്റെ അവസാനയാത്ര, കണ്ണീരോടെ സംസ്ഥാനം

പ്രിയനേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ പതിനായിരങ്ങള്‍ എത്തിയതോടെ അധികൃതരുടേയും നേതാക്കളുടേയും എല്ലാ കണക്കുകൂട്ടലുകളും തെറ്റിപ്പോയി.

തിരുവനന്തപുരം: ആള്‍ക്കൂട്ടത്തിനിടയില്‍ ജീവിച്ച ‘ജനനായകന്‍’ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അത്രമേല്‍ വേദനിക്കുകയാണ് കേരളക്കര. തലസ്ഥാനത്ത് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് ഓടിയെത്തിയത്. പ്രിയനേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ പതിനായിരങ്ങള്‍ എത്തിയതോടെ അധികൃതരുടേയും നേതാക്കളുടേയും എല്ലാ കണക്കുകൂട്ടലുകളും തെറ്റിപ്പോയി.


ഓരോ പൊതുദര്‍ശന വേദിയിലും നിശ്ചയിച്ചതിനെക്കാള്‍ കൂടുതല്‍ സമയം വേണ്ടിവന്നു. ജഗതിയിലെ പുതുപ്പള്ളി വീടു മുതല്‍ കെ.പി.സി.സി. ആസ്ഥാനം വരെ മണിക്കൂറുകള്‍ക്ക് മുമ്പു തന്നെ ജനങ്ങള്‍ തിങ്ങിനിറഞ്ഞു. ഇതോടെ പൊതുദര്‍ശനത്തിനുള്ള സമയക്രമങ്ങളെല്ലാം തെറ്റി. തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനും സാധിച്ചിരുന്നില്ല. പുതുപ്പള്ളി ഹൗസിലും ദര്‍ബാര്‍ ഹാളിലും പാളയം പള്ളിയിലും കെ പി സി സി ആസ്ഥാനത്തുമെല്ലാം നിയന്ത്രണാതീതമായ തിക്കും തിരക്കുമാണ് അനുഭവപ്പെട്ടത്.

അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ ഏഴ് മണിയോടെ വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോകും. ഇത് പരിഗണിച്ച് ഇന്നും മറ്റന്നാളും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തുമെന്ന് കെപിസിസി അറിയിച്ചു. വൈകുന്നേരത്തോടെ ഭൗതികശരീരം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികശരീരം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളിയിലാണ് സംസ്‌കാരം നടക്കും.

Exit mobile version