കോഴിക്കോട്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി, സമ്പാദിച്ച പണം മുഴുവന്‍ ചീട്ടുകളിയിലും ഒറ്റ നമ്പര്‍ ലോട്ടറിയിലുമായി നഷ്ടപ്പെട്ടതിന് പിന്നാലെ മോഷണത്തിനിറങ്ങിയ യുവാവ് പിടിയില്‍. മലപ്പുറം ഇരുമ്പുഴി സ്വദേശി സുരേഷ് ബാബു (43) വിനെയാണ് കോഴിക്കോട് ജില്ല സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും വെള്ളയില്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തി മാല പൊട്ടിക്കലായിരുന്നു ഇയാളുടെ രീതി. പുതിയാപ്പ ഹയര്‍ സെക്കണ്ടറി സ്കൂളിന് പിറകു വശത്തെ ഇടവഴിയിലൂടെ മകന്റെ കുട്ടിയെ സ്കൂളില്‍ നിന്നും കൂട്ടി കൊണ്ടുവരാന്‍ പോകുകയായിരുന്ന ചെറുപുരയ്ക്കല്‍ ഊര്‍മിളയുടെ മൂന്നര പവര്‍ സ്വര്‍ണ്ണമാലയാണ് ഇയാള്‍ കൈക്കലാക്കിയത്.
വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളയില്‍ സബ് ഇന്‍സ്പെക്ടര്‍ യു സനീഷിന്റെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തില്‍ സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും കവര്‍ച്ച നടത്തിയ ആളുടെ അവ്യക്ത രൂപവും കവര്‍ച്ച നടത്തിയ ആള് വന്നത് ഗ്ലാമര്‍ ബൈക്കിലാണെന്നുമുള്ള ദൃശ്യം പോലീസിന് ലഭിക്കുകയും ചെയ്തു.തുടര്‍ന്ന് ഇയാളുടെ യാത്രയിലുള്ള നൂറ്റി അമ്പതോളം സിസിടിവി ദൃശ്യങ്ങള്‍ അറുപതോളം കിലോമീറ്റര്‍ യാത്ര ചെയ്ത് പരിശോധിക്കുകയും ആയിരത്തി അഞ്ഞൂറോളം ഗ്ലാമര്‍ ബൈക്കുകളുടെ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്ന് പോലീസ് പ്രതിയിലേക്ക് എത്തിച്ചേരുകയുമായിരുന്നു.
അതേസമയം, സുരേഷ് ബാബു നിരന്തരം ജില്ലയുടെ പല ഭാഗങ്ങളിലും കറങ്ങി നടന്നിരുന്നതായി പോലീസ് കണ്ടെത്തി. ശാസ്ത്രീയ തെളിവുകളും പോലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ കോഴിക്കോട് ബീച്ച് ഭാഗങ്ങളില്‍ യാത്ര ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് വാഹന പരിശോധനക്കിടെ ഇയാളെ പിടികുടുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഈ കവര്‍ച്ച കൂടാതെ നിരവധി കവര്‍ച്ച ശ്രമങ്ങള്‍ നടത്തിയിരുന്നതായും കവര്‍ച്ച നടത്തിയ സ്വര്‍ണ്ണമാല വിറ്റതായും സമ്മതിക്കുകയും ചെയ്തു.
ഗള്‍ഫില്‍ ആയിരുന്ന സുരേഷ് ബാബു നാട്ടിലെത്തി ആശാരിപണി ചെയ്തു വരികയായിരുന്നു. ഇതിനിടെ ചീട്ടുകളിയിലും ഒറ്റ നമ്പര്‍ ലോട്ടറിയിലുമായി ഗള്‍ഫില്‍ നിന്ന് സമ്പാദിച്ച പണമെല്ലാം നഷ്ടമായപ്പോള്‍ പലിശക്ക് കടം വാങ്ങി കളി തുടരുകയായിരുന്നു. എല്ലാം നഷ്ടമായപ്പോള്‍ കവര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്നെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
Discussion about this post