ആണുങ്ങളുടെ ജോലിയാണ്, നിനക്കിതു സാധിക്കില്ലെന്ന് പലരും പറഞ്ഞപ്പോഴും പിന്നോട്ട് പോയില്ല, ഭർത്താവിന്റെ ജോലി ധൈര്യത്തോടെ ഏറ്റെടുത്തു ജീവിതത്തോട് പൊരുതി ജയിച്ച ലക്ഷ്മി സ്ത്രീ സമൂഹത്തിനു മാതൃകയാവുകയാണ്.
പ്രതിസന്ധികളെ ചുമലിലേറ്റി ജീവിക്കുന്ന മൂളയം കൂട്ടാല സ്വദേശി ലക്ഷ്മി ജിനേഷിൻറെ ജീവിതകഥ ഇങ്ങനെയാണ്…..
ലക്ഷ്മിയുടെ ഭർത്താവ് ചുമട്ടു തൊഴിലാളിയായിരുന്നു. രോഗം മൂലം ദുരിതമനുഭവിച്ചിരുന്ന അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി പലപ്പോഴായി വാങ്ങിയ കടങ്ങൾ ഇന്നു വലിയ ബാധ്യതയായി മാറി. രണ്ടു വർഷം മുൻപ് ഭർത്താവ് മരിച്ചു. വീട്ടു ജോലിനോക്കിയിരുന്ന ലക്ഷ്മി പിന്നെ ഭർത്താവിന്റെ തൊഴിലേറ്റെടുക്കാൻ തീരുമാനിച്ചു.
മുന്നിൽ നീണ്ടു കിടക്കുന്ന ഉത്തരവാദിത്തങ്ങൾ ലക്ഷ്മിയെ അതിനു നിർബന്ധിക്കുകയായിരുന്നു. ജോലിക്കിറങ്ങിയപ്പോൾ പലരും ഉപദേശിച്ചു. പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ആണുങ്ങളുടെ ജോലിയാണ്..നിനക്കിതു സാധിക്കില്ല. അങ്ങനെ സാധിക്കില്ലെന്നു പറഞ്ഞ് മാറി നിൽക്കാൻ ലക്ഷ്മിക്ക് ആകുമായിരുന്നില്ല.
മൂന്നു മക്കളുണ്ട്. അവരുടെ പഠിത്തം.കടബാധ്യതകൾ..മുന്നോട്ട് നീങ്ങിയേ പറ്റൂ..ചുമടെടുക്കാൻ പുരുഷന്മാരെ പോലെ അത്ര എളുപ്പം കഴിഞ്ഞെന്നു വരില്ല, പക്ഷേ മനസ്സുവച്ചാൽ ഏതു ജോലിയും സാധിക്കുമെന്നു ലോകത്തിനു കാണിച്ചുകൊടുക്കുകയായിരുന്നു സ്വന്തം ജീവിതത്തിലൂടെ ലക്ഷ്മി.
പൂത്തോൾ മാർക്കറ്റിൽ വലിയ ലോഡുകളും വണ്ടിയിൽ കയറ്റിയും ഇറക്കിയും ദിവസങ്ങൾ നീങ്ങുമ്പോൾ മക്കളുടെ മുഖവും അന്തസ്സോടെ ജീവിക്കാനുള്ള ആഗ്രഹവുമാണ് മുന്നോട്ട് നയിച്ചത്. സഹോദരന്മാരെ പോലെ ലക്ഷ്മി കാണുന്ന 5 സഹപ്രവർത്തകരുണ്ട്. അവരൊരിക്കലും മാറ്റി നിർത്തിയില്ല.പുറത്തു നിന്നു നേരിടേണ്ടി വരുന്ന പരിഹാസങ്ങളെ വകവയ്ക്കാൻ താൻ ഒരുക്കമല്ലെന്നും ലക്ഷ്മി പറയുന്നു.
ഒരു കുഞ്ഞു വീടാണ് ലക്ഷ്മിക്ക് ആകെ സ്വന്തമായുള്ളത്. സഹായത്തിനാരുമില്ല. ആണുങ്ങളുടേത് എന്നു പറയപ്പെടുന്ന ജോലി ചെയ്യാൻ തുടങ്ങിയതിൽ പിന്നെ എന്തു വന്നാലും നേരിടാനുള്ള ധൈര്യമാണ് ലക്ഷ്മിയുടെ സമ്പാദ്യം.
Discussion about this post