കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി മാറ്റിവച്ച ജീവിതം, അദ്ദേഹവുമായി ഇടപഴകിയത് ഓര്‍മയിലേക്കു വരുന്നു, അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുന്‍ കേരളാമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി മാറ്റിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മുഖ്യമന്ത്രിമാരായിരിക്കുമ്പോഴും പിന്നീടും താന്‍ ഡല്‍ഹിയിലേക്കു മാറിയതിനു ശേഷവും പലപ്പോഴും അദ്ദേഹവുമായി ഇടപഴകിയത് ഓര്‍മയിലേക്കു വരികയാണെന്നും മോഡി പറഞ്ഞു.

also read: സഹായിക്കാന്‍ ആരും എത്തിയില്ല, വാഹനാപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന യുവാവ് മരിച്ചു

ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നതായും മോഡി പറഞ്ഞു. ഈ വേര്‍പാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞു.

ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരളരാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കും. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നികത്താനാവാത്ത വിടവ് സൃഷ്ടിച്ചാണ് ഉമ്മന്‍ചാണ്ടി വിടവാങ്ങുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version